ന്യൂഡല്‍ഹി:മോഖ ചുഴലിക്കാറ്റ് മ്യാന്‍മറില്‍ മൂന്ന് മരണത്തിന് ഇടയാക്കിയതിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടു. കേന്ദ്ര കാലാവസ്ഥവകുപ്പ് പറയുന്നതനുസരിച്ച് ചുഴലിക്കാറ്റ് ന്യാങ്-യു (മ്യാന്‍മര്‍), കോക്സ് ബസാര്‍ (ബംഗ്ലാദേശ്) എന്നിവയുടെ വടക്ക്-വടക്കുകിഴക്ക് ഭാഗത്ത് ദുര്‍ബലമായി, അടുത്ത കുറച്ച് മണിക്കൂറുകളില്‍ ഈ പ്രവണത തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. മോഖ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയുടെ സൂചന നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മിസോറാം, മണിപ്പൂര്‍, കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മോഖ ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്നും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും പ്രവചിക്കപ്പെട്ടു.
ദുരന്തനിവാരണ സേനാംഗങ്ങള്‍ പശ്ചിമ ബംഗാളിലെ കടല്‍ റിസോര്‍ട്ട് പട്ടണങ്ങളില്‍ നിരീക്ഷണം നടത്തുകയും വിനോദസഞ്ചാരികള്‍ക്ക് ബീച്ചുകളില്‍ വിലക്കേര്‍പ്പെടുത്തിയതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചും അടിയന്തര സാഹചര്യത്തിന് സജ്ജമായ അര്‍ദ്ധസൈനിക സേന, എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ് എന്നിവയെ വിന്യസിച്ചും ത്രിപുരയും ക്രമീകരണങ്ങള്‍ ചെയ്തു.
അതേസമയം, മഹാരാഷ്ട്രയിലെ വിദര്‍ഭ, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ ചൂട് തരംഗത്തിന് സമാനമായ സാഹചര്യങ്ങള്‍ കലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അടുത്ത 3 ദിവസങ്ങളില്‍ ഇന്ത്യയുടെ കിഴക്ക് പല ഭാഗങ്ങളിലും 2-4 ഡിഗ്രി സെല്‍ഷ്യസും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളില്‍ 2-3 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില ഉയരാന്‍ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും ഗുജറാത്തിലും പരമാവധി താപനില യഥാക്രമം 2 ഡിഗ്രി സെല്‍ഷ്യസും 2-3 ഡിഗ്രി സെല്‍ഷ്യസും കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.
ഹരിയാന, ചണ്ഡീഗഡ്, പശ്ചിമ ഉത്തരാഖണ്ഡ്, പടിഞ്ഞാറ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ക്കിടയില്‍, വീടിനുള്ളില്‍ തുടരാനും ജലാംശം നിലനിര്‍ത്താനും ഇടയ്ക്കിടെ കുളിക്കാനും നേര്‍ത്ത അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദ്ദേശിക്കുന്നു. കൂടാതെ, പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.