ഹരാരെ: മൊസാംബിക്കിലും അയൽരാജ്യമായ സിംബാബ്വെയിലും ഇഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കിൽ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
വ്യാഴാഴ്ചയാണ് സിംബാബ്വെ – മൊസാംബിക് – മലാവി അതിര്‍ത്തിയില്‍ ഇഡ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. കനത്ത നാശമാണ് മൂന്ന് രാഷ്ട്രങ്ങളിലും ചുഴലിക്കാറ്റ് വിതച്ചത്. മൊസാംബിക്കിലാണ് ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
മൊസാംബിക്കിലെ തുറമുഖ നഗരമായ ബൈറയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകളോ തകർച്ചയോ സംഭവിച്ചിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.