ഹൈദരാബാദ്: കനത്ത നാശം വിതച്ച ഗജയ്ക്കും തിത്‌ലിക്കും ശേഷം ഒഡീഷയെ ലക്ഷ്യമിട്ടുകൊണ്ട് പെതായ് ചുഴലിക്കാറ്റ്. ആന്ധ്രയുടെ തീരങ്ങളില്‍ ആഞ്ഞടിച്ച പെതായ് ഒരാളുടെ ജീവനെടുത്തു. ഒഡീഷയില്‍ 25,000 പേരെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നതുകൊണ്ട് ആന്ധ്രയില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരിനായി. ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാടയ്ക്കടുത്തുള്ള കാട്രെനിക്കോന തീരം കടന്ന് പെതായ് ഒഡീഷയുടെ തീരത്തേക്ക് നീങ്ങിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.

വിജയവാഡയിലാണ് മണ്ണിടിഞ്ഞ് 28കാരന്‍ മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് അടിയന്തരാശ്വാസമായി കൃഷ്ണ ജില്ല കലക്ടര്‍ ബി.ലക്ഷ്മി കാന്തം 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് ചുഴലിക്കാറ്റ് തീരത്താഞ്ഞടിച്ചതിനെ തുടര്‍ന്ന് നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ 25,000 പേരെ മാറ്റിയതായി ആര്‍ടിജി (റിയല്‍ ടൈം ഗവര്‍ണന്‍സ്) സിഇഒ ബാബു അഹമ്മദ് പറഞ്ഞു. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയും വിപുലമായ ആഗോള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയും ആര്‍ടിജി, ചുഴലിക്കാറ്റ് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിച്ചതില്‍ ആര്‍ടിജി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook