പൂനെ: ഗുലാബ് ചുഴലിക്കാറ്റ് ഒഡീഷയുടെ തെക്കൻ തീരത്ത് ഞായറാഴ്ച വൈകിട്ടോടെ കര തൊടും. ശനിയാഴ്ച വൈകിട്ട് 53.30നുള്ള ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഒഡീഷയിലെ ഗോപാൽപൂരിൽ നിന്ന് 370 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കും ആന്ധ്രയിലെ കലിംഗപട്ടണത്തിൽ നിന്ന് 440 കിലോമീറ്റർ കിഴക്കുമുള്ള ഇടത്തായിരുന്നു ഈ സമയത്ത് ചുഴലിക്കാറ്റിന്റെ സ്ഥാനമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ (ഐഎംഡി) നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.
ഈ വർഷം മേയിൽ രൂപപ്പെട്ട തൗക്തെയ്ക്കും യാസിനും ശേഷം ഇത് 2021 ലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ്.
ഇന്ത്യൻ തീരങ്ങൾ കടന്നുപോയ സമീപകാല കൊടുങ്കാറ്റുകളെപ്പോലെ ഗുലാബ് ചുഴലിക്കാറ്റും അതിവേഗം തീവ്രത കൈവരിക്കുന്നുണ്ട്. 48 മണിക്കൂറിനുള്ളിൽ, ന്യൂനമർദ്ദത്തിൽ നിന്ന് (മണിക്കൂറിൽ 34 കിലോമീറ്ററിൽ കുറവ് വേഗത ) ഡീപ് ഡിപ്രഷനിലേക്ക് (മണിക്കൂറിൽ 51 മുതൽ 61 കിലോമീറ്റർ വരെ) കാറ്റിന്റെ തീവ്രത വർധിച്ചു.
Also Read: Kerala Weather: മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പടിഞ്ഞാറൻ ബംഗാൾ, ഒഡീഷ, തീരദേശ ആന്ധ്ര എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ നേരിയ തോതിൽ തീവ്രതയുള്ള മഴയുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു.
ഞായറാഴ്ചയോടെ തെക്കൻ ഒഡീഷ വടക്കൻ തീരദേശ ആന്ധ്ര എന്നിവിടങ്ങളിൽ അതിശക്തമായതോ തീവ്രമായി ശക്തമായതോ ആയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെലങ്കാന, വടക്കൻ ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
കടൽക്ഷോഭവും ശക്തമായ കാറ്റും കാരണം മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച വരെ കടലിൽ പോകരുതെന്നും ഐഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.
1990 മുതൽ 2021 വരെയുള്ള ചുഴലിക്കാറ്റ് വിവരങ്ങൾ വ്യക്തമാക്കുന്നത് (ചുവടെയുള്ള പട്ടിക കാണുക) ഈ കാലയളവിൽ സെപ്റ്റംബറിൽ 14 ചുഴലിക്കാറ്റുകൾ മാത്രമാണ് ബംഗാൾ ഉൾക്കടൽ തീരമേഖലകളിൽ വികസിപ്പിച്ചതെന്നാണ്.. 2011 – 2021 കാലയളവിൽ ഗുലാബ് ഒഴികെ വെറും മൂന്ന് കൊടുങ്കാറ്റുകളാണുണ്ടായിട്ടുള്ളത്.
മുൻ വർഷങ്ങളിൽ സെപ്തംബറിൽ ബംഗാൾ ഉൾക്കടലിലുണ്ടായ ചുഴലിക്കാറ്റുകൾ (കണക്കുകൾ: ഐഎംഡി)
വർഷം | ചുഴലിക്കാറ്റുകളുടെ എണ്ണം |
1991 | 01 |
1995 | 02 |
1997 | 01 |
2004 | 02 |
2005 | 02 |
2007 | 01 |
2008 | 01 |
2009 | 01 |
2011 | 01 |
2018 | 02 |
കേരളത്തിൽ യെല്ലോ അലർട്ട്
ഗുലാഗ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
- സെപ്റ്റംബർ 25: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
- സെപ്റ്റംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട്
- സെപ്റ്റംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
- സെപ്റ്റംബർ 28: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
സെപ്റ്റംബര്‍ 26, 27 തീയതികളില്‍ മത്സ്യതൊഴിലാളികള്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഒറ്റപ്പെട്ട ശക്തമായ മഴ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.