പൂണെ: ഞായറാഴ്ച വൈകുന്നേരം ആന്ധ്രാപ്രദേശ് തീരം കടന്ന ശേഷം അതിതീവ്ര ന്യൂനമർദ്ദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ പുതിയ ചുഴലിക്കാറ്റിന് കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നിലവിലെ സിസ്റ്റം അറബിക്കടലിൽ എത്തിയ ശേഷം കാറ്റിന്റെ വേഗത മണിക്കൂറിൽ 68 കി.മീ. കടക്കുകയാണെങ്കിൽ പുതിയൊരു പേര് നൽകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) തിങ്കളാഴ്ച പറഞ്ഞു. ഇത് സംഭവിക്കുകയാണെങ്കിൽ, ഒരു ചുഴലിക്കാറ്റ് കരതൊട്ട ശേഷം കൂടുതൽ ശക്തിപ്രാപിക്കുകയും വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പുതിയ ചുഴലിക്കാറ്റിനു കാരണമാകുകയും ചെയ്യുന്ന 1996 ന് ശേഷമുള്ള മൂന്നാമത്തെ സമഭാവമായി ഇതു മാറും.
2018ൽ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടന്ന് മധ്യകേരളത്തിലൂടെ അറബിക്കടലിൽ എത്തി ശക്തിപ്രാപിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നും 10 കൊണ്ട് കരകയറിയ ചുഴലിക്കാറ്റ്, കരകയറും മുൻപ് 3,418 കിലോമീറ്റർ ദൂരമുള്ള സഞ്ചരപാത സൃഷ്ടിച്ചിരുന്നു. ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു അത്.
തിങ്കളാഴ്ച രാവിലെ ഗുലാബ് ചുഴലിക്കാറ്റ് ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നിന്ന് 65 കിലോമീറ്റർ തെക്കും തെലങ്കാനയിലെ ഭദ്രാചലത്തിന് കിഴക്ക്-വടക്കുകിഴക്ക് നിന്നായി 150 കിലോമീറ്റർ അകലെയുമായിരുന്നു.
Also Read: Cyclone Gulab: കേരളത്തില് ശക്തമായ മഴ, എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം; മൂന്നിടത്ത് ഓറഞ്ച് അലർട്ട്
“ഈ സിസ്റ്റം തിങ്കളാഴ്ച വൈകുന്നേരത്തോടെ കൂടുതൽ ദുർബലമാവുകയും ഗുജറാത്ത് തീരത്തോട് ചേർന്ന് വടക്കുകിഴക്കൻ അറബിക്കടലിന് സമീപത്തൂടെ പടിഞ്ഞാറോട്ട് നീങ്ങുകയും ചെയ്യും,” ഐഎംഡിയുടെ ചുഴലിക്കാറ്റ് ബുള്ളറ്റിനിൽ പറഞ്ഞു.
ഈ ന്യൂനമർദ്ദം തെലങ്കാന, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഗുജറാത്ത് തീരത്തോട് ചേർന്ന് സെപ്റ്റംബർ 30-ന് വീണ്ടും പ്രത്യക്ഷപ്പെടാനാണ് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ അതിതീവ്ര മഴയും തുടരും. ആന്ധ്രാപ്രദേശ്, തെലങ്കാന, വിദർഭ, മറാത്ത്വാഡ, മധ്യ മഹാരാഷ്ട്ര, കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വരെ കാലാവസ്ഥാ വകുപ്പ് ‘റെഡ്’, ‘ഓറഞ്ച്’ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.