ചെന്നൈ: ആന്‍ഡമാനിലുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തി. തമിഴ്നാട്ടിലെ തീരപ്രദേശത്ത് നിന്നും 12,000ത്തില്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 6000ത്തോളം ദുരുതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം ജില്ലയില്‍ നിന്ന് മാത്രം 10,500 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

നാഗപട്ടണത്ത് മുന്‍കരുതലിന്റെ ഭാഗമായി വൈദ്യുതി വിതരണം പൂര്‍ണമായി നിര്‍ത്തിവെച്ചു. നാഗപട്ടണം, കുഡല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, തൂത്തുക്കിടി, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ അര്‍ദ്ധരാത്രിയോടെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ആന്ധ്ര, പുതുച്ചേരി തീരങ്ങളിലും ജാഗ്രത നിർദേശമുണ്ട്.

പ്രദേശങ്ങളെ ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. ഏഴ് ജില്ലകള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശുക. രാമേശ്വരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
പത്ത് കിലോമീറ്ററാണ് കാറ്റിന്‍റെ വേഗത. എന്നാല്‍, രാത്രിയോടെ തീരത്തേക്കെത്തുമ്പോൾ ഗജയുടെ വേഗത എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ 23000ത്തോളം സുരക്ഷാസംഘങ്ങളെ വിന്യസിച്ചു.

ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്, 1077, 1070 എന്നിവയാണ് ഹെല്‍പ്‌ലൈന്‍ നമ്പരുകൾ. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചെന്നൈയെ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ