ന്യൂഡല്‍ഹി: തമിഴ്‌നാടിന്റെ തീരങ്ങളില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ 35 പേര്‍ മരിക്കുകയും 82,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. നാഗപട്ടിണം, പുതുക്കോട്ടൈ, രാമനാഥപുരം, തിരുവാരൂര്‍ എന്നീ ആറു ജില്ലകളിലായി ആരംഭിച്ച 471 ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് തമിഴ് നാടിന്റെ പശ്ചിമതീരത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും തമിഴ്-കേരള അതിര്‍ത്തിയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയിലും കാറ്റിലും തമിഴ്‌നാട്ടില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മരങ്ങളും വൈദ്യത പോസ്റ്റുകളും കടപുഴകി വീഴുകയും കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. പുതുക്കോട്ടൈ, തഞ്ചാവൂര്‍, കടലൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഗജ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ തീരത്തേക്ക് ഒഴുകി പോയി. അവയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിപ്പോര്‍ട്ട് പ്രകാരം 173 ബോട്ടുകള്‍ ശ്രീലങ്കന്‍ തീരത്തെത്തിയിട്ടുണ്ട്. ഇതില്‍ 120 ഓളം ബോട്ടുകള്‍ നശിച്ചിട്ടുണ്ട്.

ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ എല്ലാം സജ്ജമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കും.

സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ സേനയേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും അഭിനന്ദിച്ചുകൊണ്ട് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തി.

ചെന്നൈക്ക് 740 കിലോ മീറ്റര്‍ മാറി ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. ഇതുവരെ 76,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് നാഗപട്ടണത്തിന് സമീപം വേദാരണ്യത്താണ് ഏറ്റവും ശക്തമായി ബാധിച്ചത്. വെളാങ്കണ്ണി പള്ളി ഉള്‍പ്പടെ പലയിടത്തും ചുഴലിക്കാറ്റില്‍ നാശമുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook