ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നു. ചുഴലിക്കാറ്റില്‍ വലഞ്ഞ ജനങ്ങള്‍ക്കായി മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മാത്രം 34 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റേത് മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും,’ നരേന്ദ്ര മോദി പറഞ്ഞു. മാറ്റിപ്പാര്‍പ്പിക്കല്‍ സമയത്ത് സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറായ സംസ്ഥാനത്തെ ജനങ്ങളേയും മോദി അഭിനന്ദിച്ചു.

‘കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം വളരെ നല്ലതായിരുന്നു. ഞാന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ജനങ്ങള്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ ഓരോ നിർദേശങ്ങളും ഉള്‍ക്കൊള്ളുന്നത് എന്നതും വളരെ അഭിനന്ദനാര്‍ഹമാണ്,’ മോദി പറഞ്ഞു. ‘സര്‍ക്കാര്‍ നേരത്തേ 381 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി 1000 കോടി കൂടി അനുവദിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.

ഒഡീഷയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഞായറാഴ്ച രാത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ‘നാളെ രാവിലെ ഒഡീഷയില്‍ ഉണ്ടാകും. ഫോനി ചുഴലിക്കാറ്റ് വരുത്തി വച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കുന്നു,’ എന്നും മോദി പറഞ്ഞു.

പ്രളയബാധിതര്‍ക്ക് അരിയും പണവും മറ്റ് ആവശ്യ സാധനങ്ങളും ഉള്‍പ്പെടുന്ന ദുരിതാശ്വാസ പാക്കേജ് നല്‍കുമെന്ന് നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അടിയന്തര സഹായമായി 50 കിലോ അരിയും 5000 രൂപയും നല്‍കും. ദുരിതമുണ്ടായ മറ്റിടങ്ങളില്‍ ഒരു മാസത്തെ റേഷനരി വിഹിതവും 1000 രൂപയും പൊളിത്തീന്‍ ഷീറ്റും ലഭിക്കും. അത്ര രൂക്ഷമായി ബാധിക്കാത്ത ഇടങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ അരി വിഹിതവും 500 രൂപയുമാണ് ലഭിക്കുക. പൂര്‍ണമായി നാശനഷ്ടം സംഭവിച്ച വീടിന് 95,100 രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടിന് 52000 രൂപയും ചെറിയ നഷ്ടം സംഭവിച്ചവയ്ക്ക് 3200 രൂപയും അടിയന്തരമായി അനുവദിക്കും.

Read More: ഫോനി ചുഴലിക്കാറ്റ്: എയിംസിന്റെ മേല്‍ക്കൂര പറന്നു പോയി

അതേസമയം, പശ്ചിമ ബംഗാളില്‍ ചുഴലിക്കാറ്റ് വീശി ദുരന്തം വിതച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരങ്ങള്‍ തിരക്കി വിളിച്ചില്ലെന്ന് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വിളിച്ചിട്ടും മമത ഫോണെടുക്കാതിരുന്നതാണ് പ്രശ്‌നമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. അതിനിടെ താന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ കാര്യം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook