ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ഒഡീഷയില്‍ വെള്ളവും വെളിച്ചവുമില്ലാതെ ജനം വലയുന്നു. ഫോനി വന്ന് പോയി എട്ട് ദിവസമായിട്ടും ഇവിടുത്തെ ജനസേചന മാര്‍ഗങ്ങളോ വൈദ്യുതി ബന്ധമോ പുനഃസ്ഥാപിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. വലയുന്ന ജനം തെരുവില്‍.

കൂടാതെ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പുരി, ഖുര്‍ദ എന്നിവിടങ്ങളില്‍ ദുരിതാശ്വാസം കൃത്യമായി എത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി.

ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഒന്നും തന്നെ എട്ട് ദിവസമായിട്ടും കുടിവെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത സാഹചര്യം തുടരുകയാണ്. ഇത് ജനങ്ങളെ കൂടുതല്‍ കഷ്ടതയിലാക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ദുരിതബാധിതകര്‍ തെരുവിലിറങ്ങിയത്.

Read More: Cyclone Fani Odisha, West Bengal Live: ഫോനി ബംഗ്ലാദേശിലേക്ക്; പ്രധാനമന്ത്രി ഒഡീഷയിലെത്തും

മെയ് മൂന്നിന് ഒഡീഷാ തീരത്ത് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു. ഫോനിക്ക് ശേഷം ഒഡീഷയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

വൈദ്യുതി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഭുവനേശ്വറിന് സമീപം ഗാര്‍ഗെ ഛക്കില്‍ ആയിരങ്ങള്‍ റോഡ് പൊലീസ് ഉപരോധിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണം ഭയന്ന് ജീവനക്കാര്‍ പൊലീസ് സുരക്ഷ തേടിയതായി സെന്‍ട്രല്‍ ഇലക്ട്രിസിറ്റി സപ്ലൈ യൂട്ടിലിറ്റി ഓഫിസര്‍ എന്‍കെ സാഹു അറിയിച്ചു. വിവിധയിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മറ്റ് പലയിടങ്ങളിലും ഇത് ആവര്‍ത്തിക്കുന്നതിനാല്‍ പൊലീസ് സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്. എന്നാല്‍ 50 ശതമാനം ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി ചീഫ് സെക്രട്ടറി എ.പി പധി അറിയിച്ചു. ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

‘വൈദ്യുതീകരണത്തിനായി ഞങ്ങള്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുകൂടിയുള്ള തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്,’ ടെലികോം മേഖലയിലും കാര്യമായ പുരോഗതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സമരത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടു. ഞായറാഴ്ചക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് സമരക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി. പുരി, ഖുര്‍ദ, കട്ടക്ക്, ജഗത് സിങ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രം കൂടുതല്‍ മണ്ണെണ്ണ അനുവദിക്കണമെന്നും പണ ദൗര്‍ലഭ്യം ഒഴിവാക്കാനായി എടിഎമ്മുകളില്‍ കൂടുതല്‍ പണം ബാങ്കുകള്‍ നിക്ഷേപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മേയ് മൂന്നിന് ഒഡീഷ തീരത്തെത്തിയ ഫോനി ചുഴലിക്കാറ്റ് 14 ജില്ലകളിലായി ഒന്നരക്കോടിയില്‍ അധികം ആളുകളെയാണ് ബാധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 11 ലക്ഷം പേരെ കുടിയൊഴിപ്പിച്ചതിനാല്‍ ആള്‍നാശം കുറയ്ക്കാനായി. 41 പേര്‍ മരിക്കുകയും 5.08 ലക്ഷം വീടുകള്‍ തകരുകയും 34.56 ലക്ഷം കന്നുകാലികള്‍ ചാകുകയും ചെയ്തു. ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook