കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. കനത്ത കാറ്റും അതിശക്തമായ മഴയും ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്ത് സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ആറ് സംഘത്തെ ഒഡിഷയിലേക്കും അയച്ചിട്ടുണ്ടെന്നും 18 സംഘത്തെ തയാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ഷാ അറിയിച്ചു.

ബംഗ്ലാദശ് തീരത്തേക്ക് കടക്കും മുമ്പ് ബംഗാളിന്റെ തീരങ്ങളില്‍ കനത്ത നാശ നഷ്ടം വിതച്ചാണ് ബുള്‍ബുള്‍ കടന്നുപോയത്. മരങ്ങള്‍ കടപുഴകി. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വിവരങ്ങള്‍ നിരന്തരം വിലയിരുത്തുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിന്റെ ഖേപുപാരയ്ക്കും മധ്യേ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് ഐഎംഡി അറിയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook