ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംപ്രാപിച്ച ‘അംഫാൻ’ ന്യൂനമർദം ശക്തിപ്രാപിക്കുന്നു. ന്യൂനമർദം മേയ് 16 ഓടെ (നാളെ) ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇപ്പോൾ ഇത് ചുഴലിക്കാറ്റായി മാറിയിട്ടില്ലെന്നും എന്നാൽ ദിവസങ്ങൾക്കുള്ളിൽ ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ‘അംഫാന്‍’ ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതിനാല്‍ കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടു കൂടി കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല.

Read Also: കാട്ടുവാസിയെന്ന് വിളിച്ചവർക്ക് കലക്കൻ മറുപടി; സദാചാരക്കാരോട് റിമയ്‌ക്ക് പറയാനുള്ളത്

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും നാളെ വൈകീട്ട് മുതൽ മഴയ്‌ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ മടങ്ങിവരണമെന്നാണ് നിർദേശം. ഇന്നു വൈകീട്ട് മുതൽ പലയിടത്തും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുന്നതിന്റെ ഭാഗമായി ശക്തമായ ഇടിമിന്നലും മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.

തമിഴ്‌നാടിന് മുന്നറിയിപ്പ്

അംഫാൻ ന്യൂനമർദം തമിഴ്‌നാട്ടിൽ ഉഷ്‌ണതരംഗം സൃഷ്‌ടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയർന്നേക്കാം. ചെന്നൈയിൽ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തിയായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല

Read Also: കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പർക്കം; ഇടുക്കിയിൽ ആശങ്ക

കേരളത്തിൽ മഴ തുടരും

കേരളത്തിൽ വേനൽ മഴ തുടരും. മേയ് 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റർ. കരിപ്പൂർ എപി, മൂന്നാർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്റർ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മേയ് 19 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. മേയ് 14, 15, 17, 19 തീയതികളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook