ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ ശക്തമായ മഴ

ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ പരക്കെ മഴ, രാജ്യത്ത് അതീവ ജാഗ്രത

cyclone, weather, ie malayalam

ന്യൂഡൽഹി: ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്‌ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ പരക്കെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഉംപുൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതലയോഗം വെെകീട്ട് നാലിന് ആരംഭിക്കും. ഒഡീഷയിലും ബംഗാളിലുമായി ഏകദേശം 15 ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മണിക്കൂറിൽ 250 കി.മി വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ കപ്പൽ, ബോട്ട്, വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

Read More: ഉംപുൻ ചുഴലിക്കാറ്റ്: ചൊവ്വാഴ്‌ചയോടെ ഇന്ത്യൻ തീരത്തേക്ക്, 200 കി.മി വേഗത കെെവരിക്കാൻ സാധ്യത

ഒഡീഷയിലെ പാരാദ്വീപിന് 790 കിലോമീറ്റർ തെക്കും പശ്ചിമ ബംഗാളിന്റെ ദിഖയുടെ 940 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖലകളിലും നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഞായറാഴ്ച രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡീഷയിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്നത്.

“ഈ വർഷം കൊറോണ വൈറസിന്റെ ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തിൽ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂൾ, കോളേജ് കെട്ടിടങ്ങളാണ്,” ഒഡീഷയിലെ ദുരിതാശ്വാസപ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ ഓഫീസർ പ്രദീപ് ജെന അറിയിച്ചു.

തമിഴ്‌നാട്ടിൽ ഉഷ്‌ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയർന്നേക്കാം. ചെന്നൈയിൽ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cyclone amphan cyclonic storm to turn extremely severe in next six hours

Next Story
സോണുകൾ തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി; മാർഗരേഖ നൽകി കേന്ദ്രംHealth Ministry, Covid 19, Coronavirus, India lockdown, Lockdown 4, Narendra Modi, Coronavirus death toll, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com