കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്. കരയിലേക്കടുക്കുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് ബുധനാഴ്ച ഉച്ചയോടെത്തന്നെ  ബംഗാൾ തീരം പ്രക്ഷുബ്ദമായിരുന്നു.  ചുഴലിക്കാറ്റ് 190 കിലോമീറ്ററോളം വേഗത്തിലാണ് വീശിക്കൊണ്ടിരിക്കുന്നത്. കൊടുങ്കാറ്റിൽ സംസ്ഥാനത്ത് ചുരുങ്ങിയത് പത്തു പേർ മരിച്ചതായി റിപോർട്ടുണ്ട്.  നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, പടിഞ്ഞാറൻ മിഡ്നാപൂർ, കിഴക്കൻ മിഡ്നാപൂർ,  പുരുളി ഭാങ്കുര ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു.

കൊൽക്കത്ത നഗരത്തിലും കാറ്റ് കനത്ത നാശം വിതച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ ഗംഗാ തീരത്തോട് ചേർന്ന ജില്ലകളെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ അപകട സാധ്യതയുള്ള മേഖലകളിൽനിന്ന് ലക്ഷക്കണക്കിനുപേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തീരദേശത്തോട് അടുത്ത് താമസിക്കുന്നവരെ മാറ്റിപാർപ്പിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ദിംഗയിൽ അടക്കം ശക്തമായ മഴയാണ് രാവിലെ മുതൽ ലഭിക്കുന്നത്. ഒഡീഷയില്‍ കനത്ത കാറ്റും മഴയുമുണ്ട്. ബംഗാളിൽ നിന്ന് മാത്രം മൂന്ന് ലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു.


ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചിരുന്നു.

തായ്‌ലൻഡ് ആണ് ചുഴലിക്കാറ്റിനു ഉംപുൻ (Amphan) എന്ന പേരിട്ടത്. മലയാളത്തിൽ ‘ആംഫൻ’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാൽ, പേര് നൽകിയ തായ്‌ലൻഡ് തന്നെ ഇതിന്റെ ഉച്ചാരണം ‘ um-pun‘ എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്.


വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് ‘ഉംപുൻ’. എട്ട് രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കിയ 64 പേരുകളിൽ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങൾ എട്ട് പേര് വീതം നിർദേശിക്കുകയായിരുന്നു. ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook