കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.30തോടെ ആഞ്ഞ് വീശിയ ഉംപാൻ ചുഴലിക്കാറ്റിൽ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ജീവൻ നഷ്ടമായി. കോവിഡിനെതിരെ സംസ്ഥാനം പൊരുതുന്നതിനിടെയാണ് ഉംപുൻ എത്തുന്നത്. ഇത് കോവിഡിനെക്കാൾ വലിയ ദുരന്തമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

“കുറഞ്ഞത് 10 മുതൽ 12 പേർ വരെ മരിച്ചു. നോർത്ത്, സൗത്ത് 24 പർഗാനാസ്, ഹൗറ, കൊൽക്കത്ത, വെസ്റ്റ് മിഡ്‌നാപൂർ, ഈസ്റ്റ് മിഡ്‌നാപൂർ, പുരുലി ബൻകുര തുടങ്ങിയ ജില്ലകളെ പോലും ഉംപുൻ ബാധിച്ചിട്ടുണ്ട്. വാസ്തവത്തിൽ ദക്ഷിണ ബംഗാളിനെ മുഴുവൻ ബാധിച്ചു. ഞങ്ങൾ ഞെട്ടിപ്പോയി. കേടുപാടുകൾ തിട്ടപ്പെടുത്താൻ മൂന്ന് നാല് ദിവസമെടുക്കും.” കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതി​ഗതികൾ വിലയിരുത്തുകയാണ് മമത.

“ഒരു വശത്ത് ഞങ്ങൾ കോവിഡ് 19 മായി യുദ്ധം ചെയ്യുന്നു, മറുവശത്ത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മടങ്ങിവരുന്നു. ഇതിനെല്ലാമുപരിയായി ഇപ്പോൾ ചുഴലിക്കാറ്റ്. ഇത് (ആംഫാൻ) കോവിഡ് 19 നെക്കാൾ വലിയ ഒരു ദുരന്തമാണെന്ന് ഞാൻ കരുതുന്നു. കേന്ദ്ര സർക്കാർ ദയവായി രാഷ്ട്രീയം മറന്ന് ഞങ്ങളുമായി സഹകരിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,” മമത പറഞ്ഞു.

മണിക്കൂറിൽ 190 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൊൽക്കത്ത നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം പേരെ സർക്കാർ മാറ്റിപ്പാർപ്പിച്ചു.

നാശനഷ്ടങ്ങൾ വിലയിരുത്താൻ നാളെ പ്രത്യേക യോഗം ചേരുമെന്നും മമത ബാനർജി അറിയിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ചീഫ് സെക്രട്ടറി രാജിവ സിൻഹ പറഞ്ഞു.

“ഞങ്ങളുടെ തൊഴിലാളികൾക്ക് ദുരിതബാധിത പ്രദേശങ്ങളിൽ എത്താൻ സമയമെടുക്കും. നാളെ കഴിഞ്ഞാൽ മാത്രമേ ശരിയായ ജോലികൾ ആരംഭിക്കാൻ കഴിയൂ. ചുഴലിക്കാറ്റ് ഇപ്പോഴും നോർത്ത് 24 പർഗാനാസിലാണ്. കാർഷിക മേഖലയിൽ വലിയ നഷ്ടമുണ്ട്. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയ മാനുഷിക സഹായം ഞങ്ങൾ ആദ്യം നൽകും. സാമ്പത്തികമായി സഹായിക്കാനോ തൊഴിലവസരങ്ങൾ നൽകാനോ ഉള്ള മാർഗത്തെക്കുറിച്ച് ഞങ്ങൾ ചിന്തിക്കും, അതുവഴി അവർക്ക് പിടിച്ചു നിൽക്കാൻ കഴിയും നിൽക്കാൻ കഴിയും,” ചീഫ് സെക്രട്ടറി പറഞ്ഞു.

Read in English: Cyclone Amphan: 10 dead in Bengal, Mamata says disaster ‘bigger than Covid’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook