ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി 6.7 ലക്ഷം രൂപ സോഫ്റ്റ്വയര്‍ എഞ്ചീനയറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത് സൈബര്‍ ക്രിമിനലുകള്‍. നെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തായിരുന്നു തട്ടിപ്പ്. 4.7 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരത്തെ അനുവദനീയമായി കിടന്ന രണ്ട് ലക്ഷ രൂപയുടെ ലോണും ഉള്‍പ്പടെയാണ് 6.7 ലക്ഷം രൂപ തട്ടിയത്. ഏഴ് തവണയായിട്ട് 40 മിനുറ്റിലാണ് ഇത്രയും രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്.
ഒരു മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സർവീസ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഹിഞ്ജേവാഡി പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മേയ് ഒന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കാണ് യുവതിക്ക് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് കോള്‍ ലഭിച്ചത്. യുവതിയ്ക്ക് അക്കൗണ്ടുള്ള ബാങ്കിലെ എക്സിക്യൂട്ടീവാണെന്നായിരുന്നു വിളിച്ച വ്യക്തി അവകാശപ്പെട്ടത്. രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ യുവതിയുടെ പേരിലുണ്ടെന്നും അതില്‍ ഒരെണ്ണം പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്നും അറിയിച്ചു. ശേഷം പ്രവര്‍ത്തനക്ഷമമാക്കാണൊ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതിയുടെ അഭ്യർത്ഥന പരിശോധിക്കാനെന്ന വ്യാജേന, അവളുടെ ബാങ്ക് അക്കൗണ്ടിന്റെയും പാൻ നമ്പറിന്റെയും വിശദാംശങ്ങൾ തേടി. തുടർന്ന് യുവതിക്ക് ലഭിച്ച ഒടിപി പങ്കിടാൻ ആവശ്യപ്പെടുകയും അത് ഉപയോഗിച്ച് നെറ്റ് ബാങ്കിങ് അക്കൗണ്ട് കൈക്കലാക്കുകയും യുവതിയുടെ ഇമെയില്‍ അഡ്രസ് മാറ്റി ‘thedarkpartoflife’ എന്ന പേരിലേക്കുള്ള അഡ്രസ് പകരം ചേര്‍ക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവര സാങ്കേതിക നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചനയുമായി എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് എഫ്‌ഐആർ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.