ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി കോൺഗ്രസ് വർക്കിങ് കമ്മിറ്റി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത യോഗമാണ് പ്രമേയം പാസാക്കിയത്.

തെറ്റായ നിയമം രാജ്യത്ത് സർക്കാരിനെതിരെ ശക്തമായ ജനരോഷവും പ്രതിഷേധവും ഉയരാൻ കാരണമായെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു. ഇതിനെതിരെ ശബ്ദമുയർത്തിയ യുവാക്കളെയും വിദ്യാർഥികളെയും ക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

“പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെയും രാഷ്ട്രീയ ധാർമ്മികതയെയും കുറിച്ച് വ്യക്തമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾ, ഗോത്രവർഗക്കാർ, ദരിദ്രർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ ഭയത്തിന്റെയും ഉത്കണ്ഠയുടെയും അന്തരീക്ഷം സൃഷ്ടിച്ചു.” കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം ശക്തമായ പ്രതിഷേധങ്ങൾ അവഗണിച്ചുകൊണ്ട് കേന്ദ്രസർക്കാർ പൗരത്വ നിയമത്തിൽ വിജ്ഞാപനമിറക്കി. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജനുവരി 10 വെള്ളിയാഴ്ചയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. പ്രസ്തുത തിയതി മുതൽ നിയമം നിലവിൽ വന്നതായി വിജ്ഞാപനത്തിൽ പറയുന്നു. സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook