രാഹുലിന് പകരം ആര്?; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് പത്തിന്

പുതിയ അധ്യക്ഷനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത

Rahul Gandhi Congress

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് 10 ന് നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി യോഗത്തിലെ മുഖ്യ വിഷയം. രാഹുല്‍ ഗാന്ധി നല്‍കിയ രാജിക്കത്തുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നേക്കും. രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല.

പുതിയ അധ്യക്ഷനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. ആരും അധ്യക്ഷ സ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തില്‍ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തുകയായിരിക്കും പ്രവര്‍ത്തക സമിതിയുടെ ലക്ഷ്യം. അതിനു ശേഷം പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഇടക്കാല അധ്യക്ഷന്റെ നേതൃത്വത്തില്‍ നടക്കാനാണ് സാധ്യത.

Read Also: അടങ്ങാതെ രാഹുല്‍, അനുനയിപ്പിക്കാന്‍ നേതാക്കള്‍; പ്രിയങ്കയും വസതിയിലെത്തി

ഓഗസ്റ്റ് 10 ന് രാവിലെ 11 മുതലായിരിക്കും പ്രവര്‍ത്തക സമിതി യോഗം നടക്കുക എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ യാതൊരു ധാരണയുമായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിലെ ധാരണ കുറവാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് നീണ്ടുപോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: രാഹുലിന് പകരം ആര്? ഉത്തരം കിട്ടാതെ കോണ്‍ഗ്രസ്; പ്രിയങ്ക വേണമെന്ന് ആവശ്യം

അതേസമയം, പ്രിയങ്ക ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന ചില നേതാക്കള്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട എന്ന് പ്രിയങ്ക തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്ന് പുതിയ അധ്യക്ഷന്‍ വേണ്ട എന്ന അഭിപ്രായമാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് അദ്ദേഹം പുറത്തുവിടുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

Read Also: ഉന്നാവ് കേസ്: സിബിഐ വിവിധ ഇടങ്ങളിൽ റെയ്‌ഡ് നടത്തി

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cwc meeting on august 10th congress president

Next Story
ഉന്നാവ് കേസ്: സിബിഐ വിവിധ ഇടങ്ങളിൽ റെയ്‌ഡ് നടത്തിUnnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, Unnao Accident, Unnao, ie malayalam, ഐഇ മലയാളം,unnao rape, unnao rape accident, unnao rape victim accident, cbi raids unnao case, kuldeep singh sengar, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com