ന്യൂഡല്‍ഹി: പുൽവാമയിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുളള എല്ലാ ഉത്പന്നങ്ങളുടേയും കസ്റ്റംസ് തീരുവ ഇന്ത്യ 200 ശതമാനമാക്കി ഉയര്‍ത്തി. പാക്കിസ്ഥാന് നൽകിയിരുന്ന ‘സൗഹൃദ രാഷ്ട്ര പദവി’ (എം.എന്‍.എഫ്) പിൻവലിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നിര്‍ണായക നടപടി. ഇത് വ്യാപാരരംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയാകും.

ലോക വ്യാപാര സംഘടനയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങളും വിവേചനരഹിതമായ വ്യാപാര മര്യാദകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നൽകുന്ന എംഎഫ്എന്‍ പിന്‍വലിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഇതോടെ 200 ശതമാനമാക്കി കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

ഒരു രാജ്യം മറ്റൊരു രാജ്യത്തിന് എംഎഫ്എൻ പദവി നൽകുമ്പോൾ കസ്റ്റംസ് തീരുവ, ലെവികൾ എന്നിവയുടെ കാര്യത്തിൽ വിവേചനം കാണിക്കാൻ പാടില്ല. ലോക വ്യാപര സംഘടനയുടെ താരിഫ് ആൻഡ് ട്രേഡ് ജനറൽ അഗ്രിമെന്റ് (GATT) ന്റെ കരാറാണിത്. എന്നാല്‍ എംഎന്‍എഫ് പിന്‍വലിച്ചതോടെ കസ്റ്റംസ് തീരുവയില്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യ തീരുമാനം കൈക്കൊളളാം.

1996 ലാണ് ഇന്ത്യ പാക്കിസ്ഥാന് എംഎഫ്എൻ പദവി നൽകിയത്. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് ആ പദവി ഇതുവരെ അനുവദിച്ചിട്ടില്ല. സുഗന്ധദ്രവ്യങ്ങൾ, പഴങ്ങൾ, രാസവസ്തുക്കൾ, സിമന്റ്, തുകൽ എന്നിവയാണ് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ പച്ചക്കറികൾ, പരുത്തി, ചായങ്ങൾ, ഇരുമ്പ്, രാസവസ്തുക്കൾ, ഉരുക്ക് എന്നിവ കയറ്റുമതി ചെയ്യുന്നു. പരുത്തി, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി ഇന്ത്യ നിർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ പാകിസ്താനിലെ വ്യവസായങ്ങൾക്ക് ഉല്പാദന ചെലവ് ഉയരും.

2017-18 വർഷത്തിൽ 2.41 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്നത്. ഇന്ത്യ 488.5 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയുടെ മൂല്യം 1.92 ബില്യൺ ഡോളറും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ