കൊച്ചി: ഇലക്ട്രോണിക് മാലിന്യമാണെന്ന സംശയത്തെ തുടർന്ന് കൊച്ചി തുറമുഖം വഴി ഇറക്കുമതി ചെയ്‌ത 9000 ഫോട്ടോ കോപ്പി മെഷീനുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. കൊൽക്കത്ത ആസ്ഥാനമായ ആറ് കന്പനികളുടെ പേരിൽ അമേരിക്കയിൽ നിന്നും ജർമ്മനിയിൽ നിന്നുമാണ് മെഷീനുകൾ ഇറക്കിയത്.

ഇന്ത്യയട്ടക്കമുളള രാജ്യങ്ങളിലേക്ക് ഇലക്ട്രോണിക് മാലിന്യങ്ങൾ തളളുന്നത്തിന്റെ ഭാഗമായാണ് മെഷീനുകൾ എത്തിച്ചിരിക്കുന്നതെന്നാണ് സംശയം. ഇന്ത്യയിലെ ഏജന്റുമാർക്ക് മെഷീനുകൾ ഏറ്റെടുക്കുന്നതിന് അമേരിക്കയിലെയും ജർമ്മനിയിലെയും കന്പനികൾ പണം നൽകുന്നതായാണ് സംശയം. ഇവ പിന്നീട് സെക്കന്റ് ഹാന്റ് വിപണിയിൽ വിൽക്കുകയോ ഉപയോഗ ശൂന്യമായവ റീസൈക്ലിംഗിന് അയച്ച് പണം നേടുകയോ ആണ് ഇത്തരക്കാർ ചെയ്യുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൊൽക്കത്തയടക്കമുള്ള തുറമുഖങ്ങളിൽ വിലക്ക് നിലനിൽക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ വീഡിയോ ദൃശ്യത്തിലൂടെ പ്രതികരിച്ച ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ “കേരള മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കാൻ തയ്യാറാകാത്തതിനെ ചോദ്യം ചെയ‌തു. കന്പനികൾ ഉദ്യോഗസ്ഥരെ വിലക്കുവാങ്ങുവാൻ ശേഷിയുള്ളവരാണെന്നും ഇന്ത്യയെ ഇലക്ട്രോണിക് മാലിന്യം നിക്ഷേപിക്കാനുള്ള യാർഡാക്കി മാറ്റുന്നതിനെതിരെ ചെറുത്ത് നിൽക്കണമെന്നും അഭിപ്രായപ്പെട്ടു.”

കന്പനികൾ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. മാലിന്യമല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മെഷീനുകൾ വിട്ടുനൽകാവൂ എന്ന് കോടതി ഉത്തരവിട്ടു. മാലിന്യമാണെങ്കിൽ ഇവ അയച്ച നാടുകളിലേക്ക് തന്നെ തിരികെ അയക്കണമെന്നും ഇതിന് പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ മെഷീനുകളുടെ പഴക്കവും ഉപയോഗ ശേഷിയും സംബന്ധിച്ച് പരിശോധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ