ബൈക്കുകള്‍ ചിലര്‍ക്ക് വല്ലാത്ത ഒരു തരം ഹരമാണ്. കുറച്ചൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഭേദഗതികള്‍ വരുത്തി സ്വന്തം ഇഷ്ടപ്രകാരം മാറ്റിയെടുത്ത് മറ്റുള്ളവരെ കാണിച്ച് കൊണ്ട് നടക്കാന്‍ താൽപര്യപ്പെടുന്നവരാണ് ഒരു വിഭാഗം ആള്‍ക്കാര്‍. പക്ഷേ അള്‍ട്ടറേഷന്‍ നടത്തിയ ഒരു ബൈക്കിന്‍റെ വില കേട്ടാല്‍ എല്ലവരുടെയും കണ്ണ് തള്ളി പോകും. 1.5 മില്യണ്‍ യുറോ, അതായത് ഏകദേശം 12 കോടിയോളം രൂപയാണ് ഒരു ബൈക്കിന്‍റെ വില.
സ്വിറ്റ്സർലൻഡില്‍ നിന്നുള്ള ഹാർലി-ഡേവിഡ്സൺ സോഫ്റ്റ് മെയിൽ സ്ലിം മോഡലിനാണ് ഈ വില. വണ്ടിയുടെ വില കേട്ട് ആരും ഞെട്ടേണ്ട. വണ്ടിയില്‍ നടത്തിയ പുതുക്കി പണികളുടെ ഭാഗമായാണ് വില ഇത്രയധികം വര്‍ധിച്ചത്. വളരെയധികം വിലമതിക്കുന്ന ഒരുപാട് രത്നങ്ങളും കല്ലുകളുമാണ് വണ്ടിയെ അലങ്കരിക്കാന്‍ നിര്‍മ്മാതാക്കള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ ബുച്ചറർ ആണ് ഹാർലി-ഡേവിഡ്‌സണിന്‍റെ ഈ നീല പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പുതിയതായി പുറത്തിറക്കാന്‍ പോകുന്ന നീല വാച്ചുകളുടെ പ്രചരണത്തിനായാണ് ഹാർലി-ഡേവിഡ്‌സണിനെ ഈ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷം കൊണ്ട് ഡിസൈന്‍ ചെയ്ത പ്രൊജക്റ്റ് നിര്‍മ്മിക്കാന്‍ ഏകദേശം 2,500 മണിക്കൂര്‍ സമയമാണ് വേണ്ടി വന്നത്.
വണ്ടിയെ മോടിപ്പിടിപ്പിക്കാന്‍ 360 തരം വജ്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതായാണ് പുറത്ത് വിട്ട കണക്കുകള്‍, കൂടാതെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ സ്ക്രൂകള്‍ എല്ലാം തന്നെ സ്വർണം കൊണ്ട് തീര്‍ത്തതാണ്. ഒരുതരം ബോബര്‍ ചാപ്പര്‍ കൂടിക്കലര്‍ന്ന കാഴ്‌ച കിട്ടുന്നതിനു വേണ്ടി വണ്ടിയുടെ സോഫ്റ്റ് ടെയില്‍ നീക്കം ചെയ്തതിനു ശേഷം പുതിയത് നിര്‍മ്മിക്കുകയായിരുന്നു.
മെയ് ഒമ്പതിന് സ്യൂരിച്ചില്‍ നടന്ന പരിപാടിയിലാണ് ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ബൈക്ക് ഹാര്‍ലി അവതരിപ്പിച്ചത്. ഭീമാകാരമായ വില കാരണം നിലവില്‍ വണ്ടിയുടെ ഒരു മോഡല്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം ബെൻഹാംസ് പുറത്തിറക്കിയ 1951 വിൻസെന്റ് ബ്ലാക്ക് ലൈറ്റ്നിങ്ങ് ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വിലകൂടിയ ഇരു ചക്ര വാഹനം. ആറു കോടി രൂപയായിരുന്നു അതിന്‍റെ വില.
5.4 ക്യാരറ്റ് ഒറ്റക്കല്‍ വജ്രവും, പ്രത്യേകം നിര്‍മ്മിച്ച വാച്ചുമെല്ലാം അടങ്ങിയിരിക്കുന്ന ഈ വണ്ടി ഏതായാലും നിരത്തുകളിലൂടെ ഓടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.