ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന പേരില്‍ ഹൈക്കോടതികള്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന കീഴ്‌വഴക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. 2012ലെ പോക്‌സോ കേസില്‍ വയനാട് സ്വദേശിയായ പ്രതിക്കു അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ നിരീക്ഷണം.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കേസ് പ്രോസിക്യൂഷന്‍ ഉണ്ടാക്കിയില്ലെങ്കില്‍ അതു തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള നല്ല കാരണമായിരിക്കുമെന്ന കാര്യമായ തെറ്റിദ്ധാരണയുണ്ടെന്നു ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
”കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചേക്കാമെന്നുമുള്ള ഒരു പൊതു വാദം പല മുന്‍കൂര്‍ ജാമ്യാപേക്ഷകളിലും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കേസ് പ്രോസിക്യൂക്ഷന്‍ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ അതു തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള മികച്ച കാരണമാണെന്നു നിയമത്തെക്കുറിച്ച് ഗുരുതരമായ തെറ്റിദ്ധാരണയുണ്ട്,”ബെഞ്ച് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ മറ്റു കാരണങ്ങളോടൊപ്പം പരിഗണിക്കേണ്ട പ്രസക്തമായ വശങ്ങളിലൊന്നാണു കസ്റ്റഡിയില്‍ ചോദ്യം ചെയ്യലെന്നു ബെഞ്ച് നിരീക്ഷിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലാത്ത നിരവധി കേസുകള്‍ ഉണ്ടാകാം. എന്നാല്‍ അത് പ്രതിക്കെതിരായ പ്രഥമദൃഷ്ട്യായുള്ള കേസ് അവഗണിക്കണമെന്നോ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നോ അര്‍ത്ഥമാക്കുന്നില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി ആദ്യമായും പ്രധാനമായും കണക്കിലെടുക്കേണ്ട കാര്യം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യായുള്ള കേസാണ്. അതിനുശേഷം, ശിക്ഷയുടെ കാഠിന്യത്തിനൊപ്പം കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിശോധിക്കണം. കസ്റ്റഡി ചോദ്യം ചെയ്യല്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കാനുള്ള കാരണങ്ങളിലൊന്നാണ്. എന്നാല്‍, കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നത് അല്ലെങ്കില്‍ അത്യാവശ്യമല്ലെന്നതു മാത്രം മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനുള്ള ഒരു കാരണമല്ലെന്നും ബെഞ്ച് പറഞ്ഞു.
2012ലെ കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ തീര്‍ത്തും അനുചിതമാണെന്നും എഫ് ഐ ആറിലെ നിര്‍ദിഷ്ട ആരോപണങ്ങള്‍ അവഗണിച്ചതായും സുപ്രീം കോടതി പറഞ്ഞു.
”ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കേസില്‍, അന്വേഷണ ഉദ്യോഗസ്ഥന് അന്വേഷണത്തെ യുക്തിസഹമായ നിഗമനത്തിലെത്തിക്കാന്‍ സ്വതന്ത്രമായ നീക്കത്തിന് അര്‍ഹതയുള്ളതിനാല്‍ അറസ്റ്റിനെതിരെ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി അധികാരപരിധി വിനിയോഗിക്കേണ്ടതില്ലായിരുന്നു,” സുപ്രീം കോടതി പറഞ്ഞു.