ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട എച്ച്.ഡി.കുമാരസ്വാമി സർക്കാർ നിലംപൊത്തി. വിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് ആരംഭിക്കാൻ സ്പീക്കർ അനുമതി നൽകി. വെെകീട്ട് 7.25 ഓടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് സാധിച്ചില്ല. ഇതോടെ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായി.  2018 മേയ് 23 നാണ് കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റത്. 14 മാസത്തിന് ശേഷമാണ് സർക്കാർ നിലംപതിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പിൽ ഭരണപക്ഷത്തുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഉണ്ടായിരുന്നത് 99 എംഎൽഎമാരുടെ പിന്തുണ മാത്രമാണ്. എന്നാൽ, ബിജെപിക്കാകട്ടെ 105 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചു. ഇതോടെ കുമാരസ്വാമി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായി.

വിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറുപടി പ്രസംഗം നടത്തി. വെെകീട്ട് 5.30 ഓടെയാണ് കുമാരസ്വാമി പ്രസംഗം ആരംഭിച്ചത്. ഒന്നര മണിക്കൂറിലേറെ കുമാരസ്വാമി പ്രസംഗിച്ചു. അതിനുശേഷം വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചു. 7.25 ഓടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്.

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നില്ലെങ്കിൽ താൻ രാജി വയ്ക്കുമെന്ന് സ്പീക്കർ കെ.ആർ.രമേഷ് കുമാറും അറിയിച്ചു. രാജിക്കത്ത് പോക്കറ്റില്‍ വച്ചാണ് ഇന്ന് സഭയിലെത്തിയതെന്ന് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ പറഞ്ഞു. ഇന്ന് സഭയില്‍ എന്തൊക്കെ നടക്കുമെന്ന് അറിയില്ലെന്നും അതിനാലാണ് രാജിക്കത്തും കൊണ്ട് എത്തിയതെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ബെംഗളൂരു നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ അലോക് വര്‍മയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. നഗരത്തിലെ പബുകളും മദ്യശാലകളും 25-ാം തീയതി വരെ അടച്ചിടണം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരു റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ഫ്ലാറ്റിന് മുന്നിൽ കൂട്ടം കൂടിയെത്തിയ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തരും ഏറ്റുമുട്ടുകയായിരുന്നു.

വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കുമാരസ്വാമി നടത്തിയ മറുപടി പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

“വിമതര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. മനം മടുത്തു. രാജി വയ്ക്കാൻ തയ്യാര്‍. കഴിഞ്ഞ രണ്ട് ആഴ്ച കാലം വിധാന്‍ സൗധയില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും മാപ്പ്. മുഖ്യമന്ത്രി സ്ഥാനം സന്തോഷത്തോടെ രാജിവയ്ക്കാന്‍ തയ്യാറാണ്. സംസ്ഥാനത്തെ ജനങ്ങളോടും സ്പീക്കറോടും മാപ്പ് ചോദിക്കുന്നു. കാര്യങ്ങള്‍ ഇത്ര നീണ്ടുപോയതില്‍ സങ്കടമുണ്ട്. അതുകൊണ്ടാണ് മാപ്പ് ചോദിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നീട്ടി കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലായിരുന്നു. കുതിരക്കച്ചവടത്തിന്റെ ഇരകളാണ് തങ്ങള്‍. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്. ജനങ്ങള്‍ എല്ലാം അറിയണം.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook