ഹവാന: ക്യൂബയിൽ ജനകീയ വിപ്ലവത്തിന് ശേഷം ജനിച്ച ആദ്യ പ്രസിഡന്റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു. റൗൾ കാസ്ട്രോ പ്രസിഡന്റ് പദവി ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റായി കാനൽ ചുമതലയേറ്റെടുത്തത്. റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷനായി തുടരും.
ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഒരാളൊഴിച്ച് എല്ലാവരും കാനലിനെയാണ് പിന്തുണച്ചത്. ഇദ്ദേഹത്തെ പ്രസിഡന്റാക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. റൗൾ കാസ്ട്രോയുടെ അടുത്ത അനുയായിയായ മിഗ്വൽ ഡിയസ് വിദേശനയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അമേരിക്കയുമായുളള നയതന്ത്ര-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തിയ റൗൾ കാസ്ട്രോ, പക്ഷെ അതിനൊരു പരിധി വച്ചിരുന്നു. മുതലാളിത്തത്തിന് സ്ഥാനമില്ലെന്ന കർശന നിലപാടിലൂന്നിയായിരുന്നു റൗളിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ. പാർട്ടിയുടെ അദ്ധ്യക്ഷ പദവിക്ക് പുറമേ സൈന്യത്തിന്റെ പരമോന്നത പദവിയും റൗൾ കാസ്ട്രോയ്ക്കാണ്. അതിനാൽ പ്രസിഡന്റിന് പാർട്ടിയ്ക്ക് വഴങ്ങാതെ മുന്നോട്ട് പോകാനാവില്ല.