ഹവാന: ക്യൂബൻ വിപ്ലവ പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ശക്തനായ അനുയായിയും പിന്നീട് 1960 കളിൽ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അർമാണ്ടോ ഹാർട്ട് അന്തരിച്ചു. 87 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണമെന്ന് ക്യൂബയിലെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഫിദൽ കാസ്ട്രോയുടെയും ഏണസ്റ്റോ ഡി ചെഗുവേരയുടെയും ഉറ്റസുഹൃത്തായിരുന്നു അർമാണ്ടോ ഹാർട്ട്. 1959 ൽ വിപ്ലവ പോരാട്ടത്തിന്റെ വിജയത്തിന് പിന്നാലെ കാസ്ട്രോ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായി ഇദ്ദേഹം ചുമതലയേറ്റെടുത്തിരുന്നു. ദ്വീപിലാകെ വിദ്യാഭ്യാസ വിപ്ലവത്തിനുള്ള ശക്തമായ ഇടപെടലാണ് ഇദ്ദേഹം പിന്നീട് നടത്തിയത്. എല്ലാവരെയും എഴുതാനും വായിക്കാനും അറിവുള്ളവരാക്കി മാറ്റുന്നതിന് ഒരു ലക്ഷം പേരെ ദ്വീപിലാകെ അണിനിരത്തി ശക്തമായ പ്രചാരണമാണ് ഈ നേതാവ് നടപ്പിലാക്കിയത്.

വിദ്യാഭ്യാസ വിപ്ലവം വിജയം കണ്ട ശേഷം ഇദ്ദേഹം മന്ത്രിസഭയിൽ സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു. ക്യൂബൻ വിപ്ലവ നായക നിരയിൽ പ്രമുഖനായ ജോസ് മാർട്ടിയുടെ ജീവിതവും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്നതിനാണ് മന്ത്രിസഭയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സമയം ചിലവഴിച്ചത്.

2011 ഏപ്രിലിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ഇദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ക്യൂബയിലെ പരമോന്നത ഭരണ നിർവ്വഹണ സമിതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റിലും ഇദ്ദേഹം അംഗമായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2008 ലാണ് ഇദ്ദേഹത്തെ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ നിന്ന് നീക്കിയത്.

1959 മുതൽ 1965 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹാർട്ട് 1976 മുതൽ 1997 വരെയുള്ള നീണ്ട 21 വർഷക്കാലമാണ് സാംസ്കാരിക വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചത്. 1965 മുതൽ 1976 വരെയുള്ള കാലത്ത് പുതുതായി രൂപം കൊണ്ട ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ