ബെംഗളൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പൽ അറസ്റ്റിൽ. കൗൺസിൽ ഓഫ് സയന്റിസ്റ്റ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) പ്രിൻസിപ്പലും ശാസ്ത്രജ്ഞനുമായ ഇംതിയാസ് അഹമ്മദ് പർവേസ് (51) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ഒരു വർഷമായി നാലു പിഎച്ച്ഡി വിദ്യാർഥിനികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് അബ്ദുൽ അഹദ് പറഞ്ഞു. പ്രിൻസിപ്പലിനെതിരെ വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണ സമിതിയെ നിയോഗിച്ചു. അന്വേഷണത്തിന്റെ അവസാനത്തിൽ പർവേസിന് ക്ലീൻ ചിറ്റ് നൽകി. തുടർന്നാണ് വിദ്യാർഥിനികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥിനികളുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു പ്രിൻസിപ്പൽ. അയാൾ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ പലപ്പോഴും മാർക്ക് കുറച്ചു നൽകുകയും റിപ്പോർട്ടുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും പെൺകുട്ടികൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പരാതിക്കാരായ വിദ്യാർഥിനികളെല്ലാം കേരളത്തിൽനിന്നുളളവരാണെന്നാണ് സൂചന. ഫിസിക്സിലും എൻവിയോൺമെന്റൽ സയൻസിലും പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ഥിനികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ