ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപിംഗ് സൊസൈറ്റീസ്-എബിപി ന്യൂസ് സർവ്വേ. ആംആദ്മി പാർട്ടി മുൻ നേതാവും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവാണ് സർവ്വേ ഫലം പുറത്തുവിട്ടത്. ട്വിറ്ററിലാണ് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്ന സർവ്വേ ഫലം പ്രസിദ്ധീകരിച്ചത്.

വിവിധ ഘട്ടങ്ങളിലായി നടത്തിയ സർവ്വേയിൽ മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് കൂടി ഭാഗമായ സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ആദ്യത്തേതിൽ ബിജെപിക്കും കോൺഗ്രസിനും 43 ശതമാനം വീതം വോട്ട് ലഭിക്കുമെന്ന് പറയുന്നു. ബിജെപിക്ക് 86 ഉം കോൺഗ്രസിന് 92 ഉം സീറ്റ് ലഭിക്കും. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അധികാരത്തിൽ വരുമെന്നുമാണ് പ്രവചനം.

രണ്ടാമത്തെ സാധ്യതയിൽ ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിന് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. 41 ശതമാനം വോട്ടോടെ ബിജെപി 65 സീറ്റിലേക്ക് കൂപ്പുകുത്തും. കോൺഗ്രസിന് 113 സീറ്റുകൾ നേടാനാകുമെന്നും ഈ പ്രവചനം പറയുന്നു.

ഇനിയൊന്നുള്ളത് ഇതിലും പരിതാപകരമായ നിലയിൽ ബിജെപിയുടെ പരാജയമാണെന്ന് യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നു. എന്നാൽ എത്ര സീറ്റെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇടത്തരം നഗരങ്ങളിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും, ഗ്രാമീണ മേഖലകൾ 66 മുതൽ 74 ശതമാനം വരെ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നുമാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് കോൺഗ്രസിന് അനുകൂലമായിരിക്കും ജനവിധിയെന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ