റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിക്ക് നികുതി ചുമത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 30 ശതമാനം നികുതി ചുമത്തുന്നത് ആസ്തികൾ എന്ന നിലക്ക് ക്രിപ്റ്റോകറൻസികൾക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
“ഒരു കറൻസി അത് ഒരു ക്രിപ്റ്റോ ആണെങ്കിലും കേന്ദ്ര ബാങ്ക് ഇറക്കുമ്പോൾ മാത്രമാണ് കറൻസി. അതിനു പുറത്തുള്ള എന്തിനെയും ഞങ്ങൾ ക്രിപ്റ്റോകറൻസികൾ എന്ന് വിളിക്കുന്നു, അത് കറൻസികളല്ല, ”ധനമന്ത്രി ന്യൂഡൽഹിയിൽ ബജറ്റിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
“ആർബിഐ ഇനി പുറത്തിറക്കാനിരിക്കുന്ന കറൻസിക്ക് ഞങ്ങൾ നികുതി ചുമത്തുന്നില്ല. റിസർവ് ബാങ്ക് പുറത്തിറക്കുന്നത് ഡിജിറ്റൽ കറൻസിയാണ്. ഡിജിറ്റലെന്ന പേരിൽ അതിന് പുറത്ത് നിലനിൽക്കുന്നതെല്ലാം വ്യക്തികൾ സൃഷ്ടിക്കുന്ന ആസ്തികളാണ്. ആ ആസ്തികൾ ഇടപാട് നടത്തുമ്പോൾ ലാഭമുണ്ടെങ്കിൽ, ഞങ്ങൾ ആ ലാഭത്തിന് 30 ശതമാനം നികുതി ചുമത്തുന്നു,” സീതാരാമൻ കൂട്ടിച്ചേർത്തു.
ക്രിപ്റ്റോ ഇടപാടുകളിലെ പണമിടപാട് കേന്ദ്രം നിരീക്ഷിച്ചു വരികയാണെന്നും ക്രിപ്റ്റോകറൻസികൾ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകൾക്കും ഒരു ശതമാനം ടിഡിഎസ് ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു.
Also Read: എന്താണ് ഡിജിറ്റൽ രൂപ; ബജറ്റ് പ്രഖ്യാപനം അർത്ഥമാക്കുന്നതെന്ത്?
വെർച്വൽ ആസ്തികളുടെ നിർദിഷ്ട 30 ശതമാനം നികുതി, സ്വകാര്യ ക്രിപ്റ്റോകറൻസികളുടെയും നോൺ ഫഞ്ചിബിൾ ടോക്കണുകളുടെയും (എൻഎഫ്ടി) വ്യാപാരം ഫലപ്രദമായി നിയമാനുസൃതമാക്കും. സ്വകാര്യ വെർച്വൽ നാണയങ്ങൾ നിയമപരമായ കറൻസിയായി ഉപയോഗിക്കുന്നത് അനുവദിക്കാതെ, ഡിജിറ്റൽ റുപ്പി എന്ന ഡിജിറ്റൽ കറൻസി ഇറക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതികളുമായി ഇത് ചേർന്നുപോകും
അടുത്ത സാമ്പത്തിക വർഷം മുതൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആർബിഐ ഡിജിറ്റൽ രൂപ (ഡിജിറ്റൽ റുപ്പി) പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ കറൻസി വിനിമയത്തിലേക്ക് നയിക്കും.
അതേസമയം, സ്വകാര്യ ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനുള്ള ക്രിപ്റ്റോകറൻസി ബില്ലിനെക്കുറിച്ച് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല.
ക്രിപ്റ്റോകറൻസികളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, ശക്തമായ ഒരു നിയന്ത്രണ നയം രൂപീകരിക്കാൻ കേന്ദ്രം പൊതു പങ്കാളികളുമായി ചർച്ച നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, ക്രിപ്റ്റോകളുടെ ഇടപാടിലൂടെ ലാഭം നേടുന്ന വ്യക്തികൾക്ക് നികുതി ചുമത്താൻ അത് വരെ സർക്കാരിന് കാത്തിരിക്കാനാവില്ലെന്ന് അവർ സൂചിപ്പിച്ചു.
ഇന്ത്യൻ നിക്ഷേപകർ 45,000 കോടി രൂപ സ്വകാര്യ ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമ്പത്തിക സുസ്ഥിരതയുടെ വീക്ഷണകോണിൽ നിന്ന് ഗുരുതരമായ ആശങ്കയുണ്ടെന്ന് ആർബിഐ അഭിപ്രായപ്പെട്ടിരുന്നു. സ്വകാര്യ ക്രിപ്റ്റോകറൻസികൾക്ക് എതിരാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
Also Read: Budget 2022 Highlights: നാല് മേഖലകളില്‍ ഊന്നല്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ