മുംബൈ രണ്ട് പതിറ്റാണ്ടിലേറെയായി എൻസിപിയുമായി ബന്ധമുള്ള സുനിൽ പാട്ടീൽ എന്ന വ്യക്തിയാണ് ക്രൂയിസ് ലഹരിമരുന്ന് വേട്ട ഗൂഢാലോചന കേസിന് പിന്നിൽ പ്രവർത്തിച്ചതെന്ന ആരോപണവുമായി ബിജെപി നേതാവ് മോഹിത് ഭാരതീയ എന്ന കാംബോജ്. കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ മകൻ ഹൃഷികേഷിന്റെ അടുത്ത സുഹൃത്തായിരുന്നു സുനിൽ പാട്ടീൽ എന്നും ശനിയാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ കാംബോജ് പറഞ്ഞു.
എൻസിപി മന്ത്രി നവാബ് മാലിക് ബിജെപിയുടെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ “തെറ്റായ വിവരണം” ആണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
“സുനിൽ പാട്ടീൽ കിരൺ ഗോസാവിയുടെ ഫോൺ നമ്പർ സാം ഡിസൂസയ്ക്ക് നൽകി. ഗോസാവി എൻസിബിയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു,” കാംബോജ് പറഞ്ഞു.
Also Read: ക്രൂയിസ് മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെയെ ഒഴിവാക്കി
പാട്ടീൽ മുഴുവൻ പദ്ധതിക്കും തിരക്കഥയെഴുതി, “എൻബിസി ഉദ്യോഗസ്ഥരെ കേസിൽ കുടുക്കാനുള്ള പ്രേരണയോടെ” പാർട്ടിയിൽ സ്വന്തം ആളെ ഇറക്കിയെന്നും കാംബോജ് പറഞ്ഞു.
മയക്കുമരുന്ന് കേസിൽ എൻസിബിയുടെ “സ്വതന്ത്ര സാക്ഷി” എന്ന് വിളിക്കപ്പെടുന്ന ഗോസാവി പൂനെയിലെ ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുകയാണ്.
കോർഡേലിയ ക്രൂയിസ് കപ്പൽ മയക്കുമരുന്ന് വേട്ട കേസിലെ സാക്ഷിയായ ഗോസാവിയും ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനിയും തമ്മിൽ ആര്യൻ ഖാനെ സഹായിക്കാൻ ഇടനിലക്കാരനായി ഇടപാട് നടത്തിയ വ്യക്തിയെന്ന നിലയിൽ അന്വേഷണത്തിനിടെ ഡിസൂസയുടെ പേര് ഉയർന്നിരുന്നു.
പാട്ടീലും ഡിസൂസയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റിന്റെ രേഖ തന്റെ പക്കലുണ്ടെന്ന് കംബോജ് അവകാശപ്പെട്ടു. ഈ ചാറ്റുകളിൽ, ക്രൂയിസ് പാർട്ടിയിലെ 27 പേർ ഉൾപ്പെട്ട മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് തനിക്ക് വലിയ സൂചനകളുണ്ടെന്ന് പാട്ടീൽ ഡിസൂസയെ അറിയിക്കുന്നതായി കേൾക്കാമെന്നും കംബോജ് പറഞ്ഞു.
സുനിൽ പാട്ടീലിനെ മിക്കവാറും എല്ലാ എൻസിപി നേതാക്കൾക്കും മന്ത്രിമാർക്കും അറിയാമായിരുന്നുവെന്ന് കാംബോജ് പറയുന്നു. “1999 നും 2014 നും ഇടയിൽ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ ഔദ്യോഗിക സ്ഥലംമാറ്റം നടത്തുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. എന്നിരുന്നാലും, 2014 മുതൽ 2019 വരെയുള്ള ബിജെപി സർക്കാരിന്റെ കാലത്ത് അദ്ദേഹം ഒളിവിൽ പോയി. 2019 ലെ സർക്കാർ മാറ്റത്തിൽ പാട്ടീൽ വീണ്ടും വന്നു,” കംബോജ് പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാമെന്നും തെളിവുകൾ സഹിതം പുറത്തുവിടുമെന്നും കാംബോജ് പറഞ്ഞു.