/indian-express-malayalam/media/media_files/uploads/2017/04/petrol.jpg)
കൊച്ചി: അസംസ്കൃത എണ്ണവില അഞ്ച് വർഷം മുൻപത്തെ വിലയേക്കാൾ 30 ശതമാനം കുറഞ്ഞുനിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവില മുകളിലോട്ട് തന്നെ കുതിക്കുന്നു. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 5388 രൂപയ്ക്കാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നാല് വർഷം മുൻപ് 2014 ഒക്ടോബറിലും ഇതേ വിലയായിരുന്നു. അന്ന് പെട്രോളിന് കൊച്ചിയിലെ വില 70.76, ഇന്ന് വില 81.19!
കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നത് ഇന്നാണ്. 81.19 രൂപയാണ് ഇന്നത്തെ വില. ലിറ്ററിന് 32 പൈസയാണ് ഇന്നു വർദ്ധിച്ചത്. ഡീസൽ വില 75 കടന്നു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 82.28 രൂപയാണ് ഇന്നത്തെ വില. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.
2013-14 കാലത്താണ് അസംസ്‌കൃത എണ്ണയ്ക്ക് എക്കാലത്തെയും ഉയർന്ന വില നൽകേണ്ടി വന്നത്. എന്നാൽ ഇന്ന് വില അന്നത്തെക്കാൾ 2000 രൂപയോളം കുറഞ്ഞു. പക്ഷെ പെട്രോൾ വില രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പൊതുമേഖല എണ്ണക്കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും വലിയ കുതിപ്പാണ് ഉണ്ടാവുന്നത്.
ഇന്ത്യൻ ഒായിൽ കോർപ്പറേഷന്റെ ലാഭം കഴിഞ്ഞ നാല് വർഷവും ഉയർന്ന് തന്നെ നിന്നു. കോർപ്പറേഷന്റെ നാലുവർഷത്തെ മൊത്തം അറ്റാദായം 56,125 കോടി രൂപയാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും നാല് വർഷം കൊണ്ട് 18.24 ലക്ഷം കോടി രൂപ വരുമാനം നേടാനായി. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ പെട്രോളിന് 12 രൂപയും ഡീസലിന് 13.77 രൂപയും വർദ്ധിപ്പിച്ചു. 2018 ജൂൺ ഒന്ന് മുതൽ വിൽപ്പന നികുതി തീരുവ അൽപ്പം കുറച്ചത് മാത്രമാണ് ആശ്വാസം.
2014 ഒക്ടോബറിൽ 5650.3 രൂപയ്ക്കാണ് അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. അന്ന് രൂപ-ഡോളർ വിനിമയ മൂല്യം 61.40 രൂപയായിരുന്നു. ഈ ഘട്ടത്തിലാണ് പെട്രോളിന് കൊച്ചിയിൽ 70.76 രൂപ വിലയുണ്ടായിരുന്നത്. 2018 സെപ്റ്റംബറിൽ അസംസ്കൃത എണ്ണ വില 5388 ആയി കുറഞ്ഞു. എന്നാൽ പെട്രോൾ വില ഞായറാഴ്ച 80.79 ഉം ഇന്ന് 81.10 വുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.