ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക രംഗം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ചരിത്രത്തില്‍ ഇരുവരെ കാണാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് സാമ്പത്തിക രംഗത്തുള്ളതെന്ന് രാജീവ് കുമാര്‍ പരസ്യമായി പറഞ്ഞു. ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം അഭൂതപൂര്‍വ്വമായ സമ്മര്‍ദമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ആരുടെ കയ്യിലും പണം ഇല്ലാത്ത അവസ്ഥ. ആരും ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. മാര്‍ക്കറ്റില്‍ ബിസിനസുകളൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്. ഇത് ഗുരുതരമായ സ്ഥിതിയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Read Also: സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാര്‍ലെ കമ്പനി 10,000 ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടേക്കും

സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം.  സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ മനസിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വർധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും രാജീവ് കുമാർ പറഞ്ഞു.

സാമ്പത്തിക രംഗത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത് കഴിഞ്ഞ നാല് വർഷമായാണ്. നോട്ട് നിരോധനവും, ജിഎസ്‌ടി നടപ്പിലാക്കലും സാമ്പത്തിക രംഗത്ത് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു.

മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വാർത്തകൾ പുറത്തുവരുമ്പോഴാണ് നീതി ആയോഗ് ഉപാധ്യക്ഷന്റെ പ്രസ്താവന.

ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മാന്ദ്യം വളരെ ആശങ്കപ്പെടേണ്ടതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഊര്‍ജ രംഗത്തും ബാങ്കിങ് ഇതര സാമ്പത്തിക മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

2013 മുതല്‍ 2016 വരെയായിരുന്നു രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് രണ്ടാം വട്ടം കേന്ദ്രം അവസരം നിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണത്തെ കുറിച്ചും രാജന്‍ പരാമര്‍ശിച്ചു.

‘സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധി വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്’ സിഎന്‍ബിസി ടിവി18 നോടുളള രഘുറാം രാജന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook