ശ്രീനഗര്‍: തെരുവു പ്രക്ഷോഭകരെ നേരിടാന്‍ പുതുതായി തയ്യാറാക്കിയ മാരകമല്ലാത്ത പ്ലാസ്റ്റിക് ബുളളറ്റുകള്‍ സിആര്‍പിഎഫ് കശ്മീരിലേക്ക് അയച്ചു. 21,000 പുതിയ ഇനം തിരകളാണ് താഴ്‍വരയിലേക്ക് അയച്ചതെന്ന് മുതിര്‍ന്ന സേനാംഗം ഒരു ദേശീയമാധ്യമത്തോട് വ്യക്തമാക്കി.

പെല്ലറ്റ് ഗണ്ണുകള്‍ മാറ്റി എകെ 47ല്‍ ഉപയോഗിക്കാന്‍ പറ്റാവുന്ന തിരകള്‍ പൂനെയിലെ ഓഡന്‍സ് ഫാക്ടറിയിലാണ് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തില്‍ തയ്യാറാക്കിയത്.

മാരകമല്ലാത്ത തിരകളാണ് തയ്യാറാക്കിയതെന്നും പെല്ലറ്റ് ഗണ്ണുകളോളം മാരകമല്ലെന്നും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭത്നഗര്‍ പറഞ്ഞു. എകെ 47, 56 തോക്കുകളില്‍ നിറയ്ക്കാവുന്ന തരത്തിലാണ് ബുളളറ്റുകള്‍ ഉണ്ടാക്കിയതെന്ന് ഭത്നഗര്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രനാശം വിതച്ച പശ്ചാത്തലത്തില്‍ പെല്ലെറ്റ് ഗണ്ണുകള്‍ കശ്മീരില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പൊലിസ് ഉപയോഗിക്കുന്ന ചെറിയ തിരകളാണ് പെല്ലറ്റുകള്‍. ലോകം മുഴുവന്‍ പൊലിസും മിലിറ്ററിയും ഇതുപയോഗിച്ചു വരുന്നുണ്ട്. പെല്ലറ്റ് ഗണ്‍ , ടിയര്‍ ഗ്യസ്, ജലപീരങ്കി, ജെപ്പര്‍ സ്‌പ്രേ എന്നിവയാണ് പൊലിസ് ഉപയോഗിക്കുന്ന മാരകമല്ലാത്ത ആയുധങ്ങള്‍.

അക്രമകാരികളെ മുറിവേല്‍പ്പിക്കാനാണ് പെല്ലറ്റുകള്‍ ഉപയോഗിക്കുന്നത്. ഏകദേശം 450 മീറ്റര്‍ അകലെനിന്നെങ്കിലും മാത്രമെ പെല്ലറ്റുകള്‍ ഉപയോഗിക്കാവൂ. എന്നാല്‍ അടുത്തുനിന്ന് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുമ്പോഴാണ് അതു മാരകമാകുന്നത്. കശ്മിരില്‍ സംഭവിച്ചതും അതാണ്. ചെറിയ കലകളെ തുളച്ചുകയറാന്‍ ഇവയ്ക്കാകും. അരയ്ക്കു താഴേ മാത്രമേ പെല്ലറ്റ് ഉപയോഗിക്കാവൂ എന്ന് സൈന്യത്തില്‍ അലിഖിത നിയമമുണ്ട്.

ജമ്മുകശ്മീരിലെ സിആര്‍പിഎഫ് ആണ് ആദ്യമായി ഇവ ഉപയോഗിച്ചത്. 2010 ഓഗസ്റ്റിലാണിത്. സിആര്‍പിഎഫിന്റെ കൈയില്‍ 500ല്‍ അധികം ഇത്തരം തോക്കുകള്‍ ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ