ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടയില്‍ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്രം. സൈനികരെ ആക്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങളുമായി മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കൈയില്‍ തോക്ക് ഉണ്ടായിരുന്നിട്ടും സംയമനം പാലിച്ച സൈനികന്റെ നടപടിയെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. “സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ശക്തമായ നടപടി തന്നെ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കും. നമ്മുടെ സൈനികര്‍ എത്രമാത്രം അച്ചടക്കം ഉള്ളവരാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ബുദ്ഗാം ജില്ലയിലെ ക്രാല്‍പോരയിലാണ് സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ വിവരങ്ങളും ശേഖരിച്ചതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇന്ത്യാ വിരുദ്ധ മുദ്രവാക്യങ്ങള്‍ വിളിച്ച് സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നതും ഇതിനിടയില്‍ ഒരു സി.ആര്‍.പി എഫ് ജവാന് തന്റെ തൊപ്പി നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതും ദൃശ്യത്തില്‍ വ്യക്തമാണ്.