ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് ഒരു സിആര്‍പിഎഫ് ജവാന് കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
ഞായറാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. കക്കാപൂര് റെയില്‍വേ സ്റ്റേഷന് സമീപം ഭീകരര്‍ ഗ്രനേഡ് എറിയുകയും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രിക പ്രസാദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ക്യാംപിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ ഭീകരരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടി.
പരുക്കേറ്റ സൈനികരെ ശ്രീനഗറിലുള്ള 92-ബേസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ജെയ്ഷെ മുഹമ്മദിന്റെ വക്താവ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുന്നതായി അറിയിച്ചു.