കശ്മീരിൽ തീവ്രവാദികളിൽനിന്നും മാത്രമല്ല ജനങ്ങളിൽനിന്നും ഇന്ത്യൻ സേനാംഗങ്ങൾ കടുത്ത ആക്രമണം നേരിടുന്നുണ്ട്. സുരക്ഷാ സേനയെ ജനങ്ങൾ മർദിക്കുന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയാണ്. സിആർഎഫ് ജവാനെ കശ്മീർ യുവാവ് കാലു കൊണ്ട് ചവിട്ടുന്ന വിഡിയോയാണ് ഇതിൽ ഏറ്റവും പുതിയത്. കശ്മീരിൽ നടന്ന ഉപതിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പോളിങ് ബൂത്തിൽ നിന്നും മടങ്ങവേയാണ് ജവാനുനേരെ ആക്രമണം ഉണ്ടായത്.

നടന്നുപോകുന്ന ജവാനെ യുവാവ് ചവിട്ടുന്നതും ഒന്നും പ്രതികരിക്കാതെ ജവാൻ നടന്നുപോകുന്നതുമാണ് വിഡിയോയിലുളളത്. ചവിട്ടിന്റെ ആഘാതത്തിൽ ജവാന്റെ ഹെൽമറ്റ് റോഡിലേക്ക് തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. എന്നിട്ടും ജവാൻ യുവാവിനോട് പ്രതികരിക്കാതെ നടന്നു പോകുന്നു. യുവാവിനെ കൂടാതെ മറ്റുളളവരും സേനാംഗങ്ങൾക്ക് നേരെ ആക്രോശിക്കുന്നുണ്ട്. യുവാവ് ജവാനെ ആക്രമിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കശ്മീരിൽ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. മുന്നൂറോളം നാട്ടുകാർക്കും നൂറോളം അർധസൈനിക പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിരുന്നു. ചിലയിടങ്ങളിൽ പോളിങ് ബൂത്തിനും വാഹനങ്ങൾക്കും അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. പലയിടത്തും വ്യാപകമായ കല്ലേറുമുണ്ടായി. വിഘടനവാദി സംഘടനകൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ