/indian-express-malayalam/media/media_files/uploads/2017/04/srinagarkashmir2.jpg)
ശ്രീനഗര്‍: കശ്മീരില്‍ സൈനികരെ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടയില്‍ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങളുമായി മടങ്ങുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബുദ്ഗാം ജില്ലയിലെ ക്രാല്‍പോരയിലാണ് സംഭവം നടന്നത്. ഇവിടെ നിന്നുള്ളവരെ തന്നെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രവും പൊലീസും വ്യക്തമാക്കിയിരുന്നു.
കൈയില്‍ തോക്ക് ഉണ്ടായിരുന്നിട്ടും സംയമനം പാലിച്ച സൈനികരുടെ നടപടിയെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. നമ്മുടെ സൈനികര്‍ എത്രമാത്രം അച്ചടക്കം ഉള്ളവരാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇന്ത്യാ വിരുദ്ധ മുദ്രവാക്യങ്ങള്‍ വിളിച്ച് സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നതും ഇതിനിടയില്‍ ഒരു സി.ആര്‍.പി എഫ് ജവാന് തന്റെ തൊപ്പി നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതും ദൃശ്യത്തില്‍ വ്യക്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us