ന്യൂഡല്‍ഹി: അസമില്‍ സൈന്യവും പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി സിആര്‍പിഎഫ് ഐജി രംഗത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ബോഡോലാൻഡ് തീവ്രവാദികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്നായിരുന്നു സിആര്‍പിഎഫ് ഷില്ലോങ് ഐജി രജനിഷ് റായിയുടെ വെളിപ്പെടുത്തല്‍. ഐജി സിആര്‍പിഎഫ് ആസ്ഥാനത്തിലേക്കയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് ദി ഇന്ത്യൻ എക്സ്പ്രസ് ആണ് പുറത്ത് വിട്ടത്.

അംഗുരി പൊലീസ് സ്റ്റേഷനു കീഴിലുള്ള സിംലഗുരി ഗ്രാമത്തില്‍ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് വിഭാഗം പ്രവര്‍ത്തകരായ രണ്ട് പേരെ ഡി കല്ലിങ്ങിലെ അവരുടെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം മൃതശരീത്തില്‍ ആയുധങ്ങള്‍ വയ്ക്കുകയായിരുന്നുവെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സൈന്യവും പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്, പിന്നീട് മറ്റൊരു സംഘത്തിന് കൈമാറി. സംഭവം നടക്കും മുമ്പ് പോലീസ് കോബ്ര യൂണിറ്റ് സിംലഗുരിയില്‍ പരിശോധന നടത്തി സ്ഥലത്തിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തി. സിആര്‍പിഎഫ്, കരസേന, സശാസ്ത്ര സീമ ബാൽ (എസ്എസ്ബി) തുടങ്ങിയ വിഭാഗങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തു.

ഏറ്റുമുട്ടലിന് സാക്ഷികളാണെന്നു പറയുന്ന രണ്ട് പേരെ മേഖലയില്‍ നിന്ന് പിടികൂടിയതാണെന്നും ഇവര്‍ സിര്‍പിഎഫിന്‍റെ സുരക്ഷിത കസ്റ്റഡിയിലുണ്ടെന്നും ഐജി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിയിക്കാന്‍ സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017 ഏപ്രില്‍ 17ന് അയച്ച റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഐജി രജനിഷ് റായിയുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകൾ:

1. ഏറ്റുമുട്ടല്‍ നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് കോബ്രയുടെ സിആര്‍പിഎഫ് യൂണിറ്റ് സിംലഗുരിയിലെത്തിയതെന്നാണ് ജിപിഎസ് ട്രാക്കിങ്ങ് വ്യക്തമാക്കുന്നത്. ബോഡോലാൻഡ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഏറ്റുമുട്ടല്‍ നടപ്പിലാക്കാന്‍ പറ്റിയ ഇടം അവര്‍ പരിശോധിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്നതാണിത്.

2. കൊല്ലപ്പെട്ടയാളുകൾ തലേദിവസം ഡി കല്ലിങ് ഗ്രാമത്തില്‍ നിന്നും പിടികൂടിയവരാണെന്നതിന് സാക്ഷികളുണ്ട്. മരിച്ചവുടെ ഫോട്ടോ ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സാക്ഷികളുടെ മൊഴി റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടില്ല.

3. ബോഡോലാൻഡ് പ്രവര്‍ത്തകരെ പിടികൂടിയ വീട്ടില്‍ 11കാരനായ ഒരു കുട്ടിയുണ്ടായിരുന്നു. ഈ കുട്ടിയെ ഓപ്പറേഷന്‍ നടക്കുന്ന സമയത്ത് അടുത്തവീട്ടിലെ ഒരു സ്ത്രീ എടുത്തുകൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4. 210 കോബ്രയുടെ ടീം നമ്പര്‍ 15 ആണ് ഈ ഓപ്പറേഷന്‍ നടത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ടീമിലെ ചിലരോട് ഇക്കാര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോൾ അതിലുണ്ടായിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്.

5. ഡി കല്ലിങ് ഗ്രാമത്തില്‍ നിന്നും ബോഡോലാൻഡ് പ്രവര്‍ത്തകരെ പിടികൂടിയ സംഘം ഔഗുരിയില്‍ മറ്റൊരു ടീമിനെ കണ്ടു. അതിനുശേഷം ഇരുവരും ചേര്‍ന്നാണ് ഇവരെ കൊല്ലാനുള്ള തീരുമാനമെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ