ബാങ്കോക്ക്: തായ്‌ലൻഡിലെ മൃഗശാലയിൽ ട്രെയിനറെ ചീങ്കണ്ണി ആക്രമിച്ചു. ചിയാങ് റായിലെ പ്രശസ്തമായ ഫൊക്കതാര ചീങ്കണ്ണി ഫാമിൽ ലൈവ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഭവം. മൃഗശാലയിലെ ചീങ്കണികളും ട്രെയിനറും തമ്മിലുളള ഷോ പ്രശസ്തമാണ്. ഇതു കാണാനായി ദിനം പ്രതി നിരവധി പേർ ഇവിടെ എത്താറുണ്ട്.
ചീങ്കണ്ണിയുടെ വായിൽ തലയിട്ടും കൈയിട്ടുമാണ് ട്രെയിനറുടെ അഭ്യാസ പ്രകടനം. ഇത്തരത്തിൽ ഒരു ലൈവ് ഷോ നടക്കുന്നതിനിടെയാണ് ചീങ്കണ്ണി ട്രെയിനറെ ആക്രമിച്ചത്. ഷോ കാണാനെത്തിയ ഒരാൾ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഷോയ്ക്കിടയിൽ ഒരു ചീങ്കണ്ണിയുടെ വായ്ക്കകത്ത് ട്രെയിനർ തന്റെ കൈയ്യിട്ടു. ട്രെയിനർ കൈ കൂടുതൽ ഉളളിലേക്ക് കടത്തിയതോടെ ചീങ്കണ്ണി ട്രെയിനറുടെ കൈ കടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ട്രെയിനർ രക്ഷപ്പെട്ടത്.
അതേസമയം, ട്രെയിനറുടെ പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം ചികിൽസയിലാണെന്നും മൃഗശാലയുടെ ഉടമ പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ചീങ്കണ്ണികളെ ട്രെയിനർക്ക് വളരെ ഇഷ്ടമാണ്. രണ്ടു മൂന്നു ആഴ്ചയ്ക്കുളളിൽ അദ്ദേഹം തിരികെ എത്തും. ഇത്തരം അപകടങ്ങൾ വളരെ അപൂർവ്വമായിട്ടാണ് സംഭവിക്കാറുളളതെന്നും ഉടമ വ്യക്തമാക്കി.