ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലില്‍, തണുത്ത ഭക്ഷണം നല്കി എന്നാരോപിച്ച്, വിവാഹത്തിനായെത്തിയ വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് പാത്രങ്ങള്‍ തല്ലിത്തകര്‍ക്കുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.
തണുത്ത ഭക്ഷണം നല്കി എന്ന് പറഞ്ഞുകൊണ്ടാണ് വരന്റെ വീട്ടുകാര്‍ അക്രമം തുടങ്ങിയതെന്ന് ഡിസിപി മോണിക്ക ഭരദ്വാജ് പറഞ്ഞു. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ ഈ ആരോപണം നിഷേധിച്ചു. വരന്റെ സുഹൃത്തുക്കള്‍ ഹോട്ടലിലെ വനിതാ സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഇതാണ് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും മാനേജര്‍ പറഞ്ഞു.
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വരനും അതിഥികളും ഓടിക്കളയുകയായിരുന്നുവെന്നും ജനറല്‍ മാനേജരായ രാജേഷ് ബാറ്റ്ല പറഞ്ഞു.
വരന്റെയോ അതിഥികളുടേയോ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വികാസ്പുരിയ്ക്കടുത്താണ് ഇവര്‍ താമസിക്കുന്നത് എന്നാണ് പറഞ്ഞത്.
‘സംഭവം നടന്ന ദിവസം രണ്ട് അതിഥികളേയും ഒരു വെയ്റ്ററേയും കരുതല്‍ നടപടിയുടെ ഭാഗമായി ഞങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ചയാണ് എഴുതി തയ്യാറാക്കിയ പരാതിയുമായി ഹോട്ടല്‍ അധികൃതര്‍ ഞങ്ങളെ സമീപിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുകയാണ്,’ ഡിസിപി വ്യക്തമാക്കി.
നാനൂറോളം അതിഥികളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
‘അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. അവരില്‍ 50 പേര് മാത്രമേ ഹോട്ടലില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. വരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മദ്യപിച്ച് നൃത്തം ചെയ്യാന്‍ തുടങ്ങി. ഞങ്ങളുടെ സ്റ്റാഫിനോട് മോശമായി പെരുമാറാനും തുടങ്ങി, ഉദ്യോഗസ്ഥരില്‍ നാലു പേര്‍ക്ക് തലയ്ക്ക് പരുക്കുണ്ട്,’ ജനറല്‍ മാനേജര്‍ പറഞ്ഞു.