കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് വിമർശിക്കുന്നവർക്ക് മറുപടിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതിഥികൾ ശത്രുക്കളാണെങ്കിൽ പോലും സ്വീകരിക്കുന്നതും മര്യാദയോടെ പെരുമാറുന്നതും പശ്ചിമ ബംഗാളിന്റെ സംസ്കാരമാണെന്ന് മമത പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിപക്ഷ യോഗം ബഹിഷ്കരിച്ചാണ് മമത മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാജ്ഭവനിലായിരുന്നു മോദി- മമത കൂടിക്കാഴ്ച.

പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത് യഥാർഥ ഇന്ത്യക്കാരുടെ പൗരത്വം കവർന്നെടുക്കാനും ബിജെപിയ്ക്ക് ധനസഹായം നൽകുന്ന വിദേശികൾക്ക് പൗരത്വം നൽകാനുമുള്ള ഒരു തന്ത്രമാണോ എന്നും മമത ബാനർജി കേന്ദ്രത്തോട് ചോദിച്ചു.

Read More: കോടതി പറഞ്ഞതുകൊണ്ട്..; കശ്‌മീരിൽ ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചു, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് തുടരും

മമത-മോദി കൂടിക്കാഴ്ചയെ കോൺഗ്രസും ഇടതുമുന്നണിയും ചോദ്യം ചെയ്തിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസും ഇടതു മുന്നണിയും ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇടതുപക്ഷ, കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ചത്ര പരിഷത്തിന്റെ (ടിഎംസിപി) ധർണ മഞ്ചിലെത്തുകയും അവിടെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ടിഎംസി-ബിജെപി ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.

തുടക്കം മുതൽ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മമത ബാനർജി, വിദേശ ഫണ്ടുകൾ നേടാനും കള്ളപ്പണം വെളുപ്പിക്കാനും സഹായിക്കുന്നവർക്ക് പൗരത്വം നൽകുകയാണെന്ന് വിമർശിച്ചിരുന്നു.

“നിയമപരമായ പൗരന്മാരുടെ പൗരത്വം എടുത്തുകളയാനും ബിജെപിക്ക് ധനസഹായം നൽകിയ വിദേശികൾക്ക് പൗരത്വം നൽകാനുമുള്ള തന്ത്രമാണോ ഈ നിയമം? ഇത് ബിജെപിയുടെ ഗെയിം പ്ലാനാണോ,” അവർ ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഭീഷണികളൊന്നും നേരിടുന്നില്ലെന്നും അവർ ബംഗാളിൽ സുരക്ഷിതരാണെന്നും ഒക്ടോബറിൽ കശ്മീരിലെ മുർഷിദാബാദ് ജില്ലയിൽ ബംഗാളി തൊഴിലാളികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെ പരാമർശിച്ച് മമത പറഞ്ഞു.

“ബംഗാളി കുടിയേറ്റ തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്? ഇവരിൽ ചിലരെ കശ്മീരിൽ ക്രൂരമായി കൊലപ്പെടുത്തി. എന്തെങ്കിലും സമ്പാദിക്കാനായി കശ്മീരിലേക്ക് പോയവരാണ് അവർ. എന്താണ് അവർ ചെയ്ത തെറ്റെന്ന് ബിജെപി സുഹൃത്തുക്കൾ പറയാമോ? എന്തുകൊണ്ടാണ് ഞങ്ങൾക്ക് മറ്റ് 200 തൊഴിലാളികളെ കശ്മീരിൽ നിന്ന് തിരികെ കൊണ്ടുവരേണ്ടി വന്നത്? അവരുടെ തെറ്റ് എന്തായിരുന്നു? എങ്ങനെയാണ് നിങ്ങൾ അവരോട് ഇത്തരത്തിൽ വിവേചനം കാണിക്കുന്നത്? ധാരാളം കുടിയേറ്റക്കാർ ബംഗാളിൽ ജോലി ചെയ്യുന്നു, പക്ഷേ ഞങ്ങൾ അത് ചെയ്യുന്നില്ല,” മമത പറഞ്ഞു.

ഇടയ്ക്കിടെ പാക്കിസ്ഥാന്റെ പേര് പരാമർശിക്കുന്ന ബിജെപിക്ക് അയൽരാജ്യവുമായി എന്തെങ്കിലും ധാരണയുണ്ടോ എന്നും മമത ചോദിച്ചു.

“ബിജെപിക്ക് പാക്കിസ്ഥാനുമായോ പാക്കിസ്ഥാൻ അംബാസിഡർമാരുമായോ എന്തെങ്കിലും ധാരണയുണ്ടോ? എന്തിനാണ് നിങ്ങൾ എപ്പോഴും അവർക്കിങ്ങനെ പരസ്യം കൊടുക്കുന്നത്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook