ലക്നൗ: കുറ്റവാളികളെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാസിയാബാദില്‍ രാംലീല മൈതാനിയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കുറ്റവാളികളെ ജയിലില്‍ അടക്കുകയോ ഏറ്റമുട്ടലില്‍ വധിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

‘കുറ്റവാളികള്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടുളളതാക്കി സര്‍ക്കാര്‍ തീര്‍ക്കും. അവര്‍ക്ക് രണ്ടേ രണ്ട് സ്ഥലങ്ങളിലേക്ക് മാത്രമെ പോകാന്‍ കഴിയുകയുളളു. ഒന്നുകില്‍ അവരെ ജയിലിലേക്ക് അയക്കും. അല്ലെങ്കില്‍ പൊലീസ് ഏറ്റമുട്ടലില്‍ തീര്‍ത്ത് കളയും’, ആദിത്യനാഥ് പറഞ്ഞു.

എന്നാല്‍ മാര്‍ച്ചില്‍ താന്‍ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. എങ്കിലും കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കുറ്റവാളികളെ ഇല്ലാതാക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങണം. കുറച്ച് കാലമായി കുറ്റവാളികള്‍ സംസ്ഥാനം വിട്ട് പോവുകയാണ്. നിയമത്തില്‍ വിശ്വസിക്കാത്തവരുടെ ജീവതം സര്‍ക്കാര്‍ ബുദ്ധിമുട്ടുളളതാക്കി മാറ്റും. പാവപ്പെട്ട കച്ചവടക്കാരേയും സാധാരണക്കാരേയും കൊലപ്പെടുത്തുന്നവരെ വെറതെ വിടില്ല. സ്ത്രീകളെ അപമാനിക്കുന്നവരും അനുഭവിക്കും’, ആദിത്യനാഥ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ