ന്യൂഡല്‍ഹി: വൈവാഹിക ബാലാത്സംഗം കുറ്റകരമാക്കുന്നത് വിവാഹവ്യവസ്ഥയെ ശിഥിലീകരിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 498എ ദുരുപയോഗം ചെയ്യപ്പെടുന്നെന്നാരോപിച്ച കേന്ദ്ര സര്‍ക്കാര്‍ അത് ഭര്‍ത്താക്കന്മാരേയും കുടുംബത്തേയും പീഡിപ്പിക്കുന്നതിലേക്ക് നയിക്കുന്നു എന്ന വാദമുയര്‍ത്തിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ഏതു രീതിയിലാണെന്നതിനു നിലനില്‍ക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വൈവാഹിക ബലാത്സംഗത്തെ ഇന്ത്യയില്‍ നിയമംവഴി കുറ്റകരമാക്കാന്‍ സാധിക്കില്ലെന്നറിയിച്ച കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ നിരക്ഷരതതയുടെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കൈവരാത്തതും സമൂഹത്തിന്റെ മനഃസ്ഥിതിയും ഓരോ സംസ്ഥാനങ്ങളുടെയും സംസ്കാരത്തിലുള്ള നാനാത്വവും ദാരിദ്ര്യവും ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിനു തടസമാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രത്തിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരിന്‍റെ സ്റ്റാന്റിങ് കൗണ്‍സിലറായ മോണികാ അറോറയാണ്.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് റിട്ട് ഫൗണ്ടേഷനും ജനാധിപത്യ മഹിളാ അസോസിയേഷനും സമര്‍പ്പിച്ച പരാതിയിന്മേലാണ് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നത്. വൈവാഹിക ബലാത്സംഗത്തിന്‍റെ ഒരു ഇരയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ