scorecardresearch

ഹിന്ദു തീവ്രവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്

Kamal Hassan, Criminal Case, Hindu Terrorist
Kamal Hassan

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമൽഹാസനെതിരെ ക്രിമിനൽ കേസെടുത്തിരിക്കുന്നത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്. 153 A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് കമലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേയ് 12 ന് ചെന്നെെയിൽ വച്ച് പാർട്ടി പരിപാടിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു കമൽഹാസൻ ഇങ്ങനെയൊരു പരാമർശം നടത്തിയത്.

1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു കമൽഹാസന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ഹിന്ദു തീവ്രവാദി പരാമർശം: കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രി

‘ഇതൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ആയതുകൊണ്ട് പറയുകയല്ല. പക്ഷെ മുമ്പില്‍ ഒരു ഗാന്ധി പ്രതിമയെ സാക്ഷിയാക്കിയാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു, അയാളുടെ പേരാണ് നാഥുറാം ഗോഡ്സെ. അവിടെ വച്ചാണ് തുടക്കം,’ കമല്‍ഹാസന്‍ പറഞ്ഞു.

മേയ് 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്നാണ് അരുവാക്കുച്ചി. ഇവിടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാർഥിയെ നിര്‍ത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഘാതകരോട് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും തുറന്ന വാഹനത്തിന് മുകളില്‍ നിന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.

Read More Election News 

‘നല്ല ഇന്ത്യക്കാര്‍ സമത്വമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ പതാകയിലെ മൂന്ന് നിറങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അത് ഞാന്‍ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നു,’ കമല്‍ഹാസന്‍ പറഞ്ഞു.

‘മുമ്പ് ഹിന്ദുത്വ സംഘടനകള്‍ അക്രമങ്ങളില്‍ ഏര്‍പ്പെടാറില്ലായിരുന്നു. എതിരാളികളോട് അവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പക്ഷെ ഇന്ന് അത് അക്രമത്തിലേക്ക് നീങ്ങി,’ കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം, കമൽഹാസൻ തീവ്രവാദി പരാമർശം നടത്തിയതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രിയായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

Read More: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു, പേര് ഗോഡ്സെ: കമല്‍ഹാസന്‍

വിവാദ പരാമർശം നടത്തിയ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും കെ.ടി രാജേന്ദ്ര ബാലാജി ആവശ്യപ്പെടുന്നു. കമൽഹാസനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് മന്ത്രി.

“അയാളുടെ നാക്കരിയണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാൾ പറയുന്നു. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാൾ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകളിൽ നോട്ടംവച്ചുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ” തമിഴ്നാട് സർക്കാരിൽ ക്ഷീരവകുപ്പ് കൈകാര്യം ചെയ്യുന്ന കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Criminal case against kamal hassan hindu terrorist allegation