ന്യൂഡല്‍ഹി: യുവാവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ ഡല്‍ഹി ഹൈക്കോടതി 50,000 രൂപ പിഴ വിധിച്ചു. സഹപ്രവര്‍ത്തകനായ യുവാവിന് എതിരെയാണ് യുവതി വ്യാജ പീഡന പരാതി നല്‍കിയത്. ജസ്റ്റിസ് ജെആര്‍ മിദ്ദയാണ് യുവതിയുടെ ഹര്‍ജി തളളി പിഴ വിധിച്ചത്. ഡല്‍ഹി ഹൈക്കോടതി അഭിഭാഷക ക്ഷേമ ട്രസ്റ്റിലേക്ക് നഷ്ടപരിഹാരമായി 50,000 രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു.
ആഭ്യന്തര പരാതി കമ്മിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി കോടതിയിലെത്തിയത്. യുവാവിന് വിരമിച്ചാല്‍ കിട്ടുന്ന എല്ലാവിധ ആനുകൂല്യങ്ങളും തടയണമെന്നാണ് യുവതി ആവശ്യപ്പെട്ടത്.
2011ല്‍ തന്നെ സീനിയറായ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് കാണിച്ചാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്നാണ് ആഭ്യന്തര പരാതി കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചത്. എന്നാല്‍ യുവാവ് പീഡനാരോപണം നിഷേധിച്ചു. യുവതി അവധിയില്‍ ആയിരുന്നപ്പോള്‍ താന്‍ ചില ഔദ്യോഗിക ജോലികള്‍ ചെയ്തതിലുളള വൈരാഗ്യത്തിലാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്നാണ് യുവാവ് വിശദീകരിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയും യവുതിയുടെ പരാതി വ്യാജമാണെന്ന് തെളിയുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആഭ്യന്തര പരാതി കമ്മിറ്റി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കോടതി നടത്തിയ നിരീക്ഷണത്തിലും യുവതി തെറ്റുകാരിയാണെന്ന് ബോധ്യപ്പെട്ടു. തെറ്റായ പരാതി ഉന്നയിച്ച് അപമാനിച്ച യുവതിക്കെതിരെ യുവാവിന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് യുവാവിന്റെ തീരുമാനം.