scorecardresearch
Latest News

പാലിന് ‘മരണ രുചി’; വെളുത്ത പെയിന്റും ഷാംപൂവും ഉപയോഗിച്ച് ഉണ്ടാക്കിയ പാല്‍ പിടിച്ചെടുത്തു

ആറ് സംസ്ഥാനങ്ങളിലേക്കായിരുന്നു ഈ ഫാക്ടറികളില്‍ നിന്ന് പാല്‍ വിതരണം ചെയ്തിരുന്നത്

പാലിന് ‘മരണ രുചി’; വെളുത്ത പെയിന്റും ഷാംപൂവും ഉപയോഗിച്ച് ഉണ്ടാക്കിയ പാല്‍ പിടിച്ചെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൃത്രിമമായി വിഷമയമുളള പാല്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് ഫാക്ടറികളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 57 പേരെ അറസ്റ്റ് ചെയ്തു. ഗ്വാളിയോര്‍-ചമ്പല്‍ പ്രദേശത്തെ പാല്‍ പ്ലാന്റുകളിലാണ് റെയ്ഡ് നടത്തിയത്. മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്നതാണ് ഫാക്ടറികള്‍.

പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് റെയ്ഡ് നടത്തിയത്. ആറ് സംസ്ഥാനങ്ങളിലെ ബ്രാന്‍ഡഡ് പാല്‍ യൂണിറ്റിലേക്കായിരുന്നു ഇവിടെ ഉത്പാദിപ്പിക്കുന്ന പാല്‍ വിതരണം ചെയ്തിരുന്നത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഈ പ്ലാന്റുകളിലെ പാല്‍ ആയിരുന്നു വാങ്ങാറുണ്ടായിരുന്നത്. 10,000 ലിറ്റര്‍ വ്യാജ പാലാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ എസ്പി രാജേഷ് ബദോരിയ പറഞ്ഞു. 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്‌.

20 ടാങ്കര്‍ ലോറികളിലും 11 പിക്കപ്പ് വാനുകളിലുമായി നിറച്ച കൃത്രിമ പാലും ഇവിടെ നിന്ന് പിടികൂടി. ഷാംപുവിന്റെയും ശുദ്ധീകരിച്ച എണ്ണയുടെയും ഗ്ലൂക്കോസ് പൊടിയുടെയും വലിയ ശേഖരവും ഇവിടെ നിന്ന് പിടികൂടിയതായി ബദോരിയ വ്യക്തമാക്കി.

30 ശതമാനം യഥാര്‍ഥ പാലും ബാക്കി മറ്റ് വസ്തുക്കളും ചേര്‍ത്താണ് ഒരു ലിറ്റര്‍ പാല്‍ നിര്‍മ്മാണം നടത്തുന്നത്. പാലിനോടൊപ്പം ഷാംപു, വെളുത്ത പെയിന്റ്, ഗ്ലൂക്കോസ് പൗഡര്‍ എന്നിവ ചേര്‍ത്താണ് കൃത്രിമ പാല്‍ ഉണ്ടാക്കുന്നത്. ഇതേ ഫോര്‍മുല ഉപയോഗിച്ച് തന്നെയാണ് കൃത്രിമ വെണ്ണയും ഉണ്ടാക്കുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക വലിയ നഗരങ്ങളിലും ഈ പാലും വെണ്ണയും ആണ് വില്‍ക്കപ്പെടുന്നത്.
വെറും 5 രൂപയോളം ചെലവിലാണ് ഒരു ലിറ്റര്‍ പാല്‍ ഇപ്രകാരം ഉണ്ടാക്കുന്നത്. എന്നാല്‍ 45 മുതല്‍ 50 രൂപയ്ക്കാണ് ഓരോ ലിറ്ററും വില്‍ക്കുന്നത്. വെണ്ണ കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെ വാങ്ങിയാണ് വില്‍ക്കുന്നത്.

Stay updated with the latest news headlines and all the latest Crime news download Indian Express Malayalam App.

Web Title: Three synthetic milk plants raided in madhya pradesh