മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പബ്ജി ഗെയിം കളിക്കാന്‍ സമ്മതിക്കാതിരുന്ന മൂത്ത സഹോദരനെ ഇളയ സഹോദരന്‍ കൊലപ്പെടുത്തി. 19കാരനായ മുഹമ്മദ് ഷൈഖ് ആണ് കൊല്ലപ്പെട്ടത്. തന്റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കരുതെന്ന് പറഞ്ഞ് വഴക്കിട്ടപ്പോള്‍ 15കാരനായ ഇളയ സഹോദരന് കോപാകുലനായതായി പൊലീസ് ഉദ്യോഗസ്ഥയായ മമതാ ഡിസൂസ പറഞ്ഞു.

മുഹമ്മദിനെ ചുമരിലേക്ക് പിടിച്ചു തളളിയ സഹോദരന്‍ കത്രിക കൊണ്ട് നിരവധി തവണ കുത്തിയതായി പൊലീസ് വ്യക്തമാക്കി. ഉടന്‍ തന്നെ മുഹമ്മദിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഓൺലൈൻ ഗെയിമായ പബ്ജി നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നു​ണ്ട്. പബ്ജികളിയുമായി ബന്ധപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഈ ഓൺലൈൻ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഈ വർഷം ആരംഭത്തിൽ ഗുജറാത്തിൽ പബ്ജി വീഡിയോ ഗെയിമും മോമോ ചലഞ്ചും നിരോധിച്ചിരുന്നു. ലോകത്താകമാനം പ്രചാരത്തിലുള്ളതും ഉപഭോക്തൃ പ്രീതിയുള്ളതുമായ ഗെയിമാണ് പബ്ജി.

Read More: ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി ഗെയിം കളിച്ച 16കാരന്‍ മരിച്ചു

രാജ്യത്ത് യുവാക്കൾക്കിടയിൽ വൻ പ്രീതിയാണ് പബ്ജിക്കുള്ളത്. ഗെയിം നിരോധിച്ചില്ലെങ്കിൽ ഗെയിം മൂലം നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് വിമർശകർ പറയുന്നു. പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമര്‍ശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ആറേ പേര്‍ ബിരുധ വിദ്യാര്‍ത്ഥികളായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook