ചെന്നൈ: കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കീഴടങ്ങാൻ കൂടുതൽ സമയം അവശ്യമാണെന്ന രാജഗോപാലിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട രാജഗോപാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച കീഴടങ്ങണമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഇന്നലെ കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതക കേസിൽ അദ്ദേഹത്തെ 10 വര്‍ഷം തടവിന് വിധിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു.
1990 കളിലായിരുന്നു കേസിനാസ്പദമായ സംഭവം. ശരവണ ഭവനിലെ മുൻ അസിസ്റ്റന്റ് മാനേജർ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം ചെയ്യാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു. ഈ സമയം രാജഗോപാലിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനാണ് രാജഗോപാൽ താൽപര്യപ്പെട്ടത്. പക്ഷേ രാജഗോപാലിന്റെ വിവാഹ അഭ്യർഥന ജീവജ്യോതി നിരസിച്ചു.
1999 ൽ ജീവജ്യോതി ശരവണ ഭവൻ കമ്പനിയിലെ ജീവനക്കാരനായ ശാന്തകുമാറിനെ വിവാഹം ചെയ്തു. ഇതിനുപിന്നാലെ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തി. പക്ഷേ ഇരുവരും വഴങ്ങിയില്ല. 2001 ഒക്ടോബർ ഒന്നിന് രാജഗോപാലിന്റെ ഗുണ്ടകൾ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ജീവജ്യോതിയും ശാന്തകുമാറും പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസങ്ങൾക്കുശേഷം ഒക്ടോബർ 26 ന് ചെന്നൈയിൽനിന്നും ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി. കൊടൈക്കനാലിലേക്കാണ് ശാന്തകുമാറിനെ കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപ്പെടുത്തുകയും ചെയ്തു.