ഗാസിയാബാദ്: നാടിന്റെ കാവല്‍ക്കാരാണ് പൊലീസുകാര്‍. ക്രിമിനലുകളില്‍ നിന്നും മറ്റും നാടിനെ സംരക്ഷിച്ചു പോരേണ്ടവര്‍ തന്നെ കൊളളയടിക്കപ്പെട്ടാലോ? ഗാസിയാബാദിലെ ഷഹീദാബാദ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ കേറി കള്ളന്മാര്‍ മോഷണം നടത്തുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് പൊലീസ് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി അറിഞ്ഞത് തന്നെ. വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളടക്കമാണ് മോഷണം പോയത്.

മെയ് 18 ന് അര്‍ദ്ധ രാത്രിയാണ് മോഷണം നടന്നത്. കേസില്‍ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 90 ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, നാല് സിസിടിവി ക്യാമറകള്‍, ഒരു സ്‌കൂട്ടര്‍, പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ തുടങ്ങിയവാണ് മോഷണം പോയത്.

മെയ് 20 ന് രാവിലെ സ്‌റ്റോര്‍ റൂമിന്റെ ചാര്‍ജുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പൂട്ട് തകര്‍ന്നതായി കണ്ടതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ”വാതില്‍ തുറന്നപ്പോള്‍ ചില വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മെയ് 18ന് അര്‍ധരാത്രിയോടെയാണ് മോഷ്ടാക്കള്‍ വസ്തുക്കള്‍ കൊണ്ടുപോയത്” പൊലീസുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

”രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യും. നേരത്തേയും മോഷണം നടന്നതായി സംശയിക്കുന്നുണ്ട്. ചില പണികള്‍ നടക്കുന്നതിനാല്‍ സ്റ്റേഷനിലേക്കുള്ള വാതിലുകളിലൊന്ന് തുറന്നു കിടക്കുകയാണ്. അതുവഴിയാകാം മോഷ്ടാക്കള്‍ വന്നത്” പൊലീസ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook