ഇന്‍ഡോര്‍: മദ്യപ്രദേശില്‍ ഇതര ജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവെച്ചു കൊലപ്പെടുത്തി. മധ്യപ്രേദശിലെ ബെത്മയിലാണ് മറ്റൊരു ഞെട്ടിക്കുന്ന ദുരഭിമാനക്കൊല കൂടി നടന്നത്. കുല്‍ദീപ് രജാവത്ത് എന്ന യുവാവിനെ വിവാഹം ചെയ്ത ബുല്‍ബുല്‍ എന്ന യുവതിയെ ആണ് സഹോദരങ്ങള്‍ വെടിവെച്ച് കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിക്ക് 21 വയസായിരുന്നു. 17കാരനായ സഹോദരനാണ് വെടിയുതിര്‍ത്തത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും മുമ്പ് വീട്ടുകാരുടെ സമ്മതം തേടിയിരുന്നു. എന്നാല്‍ ബുല്‍ബുലിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് പറയുകയായിരുന്നു. കൂടാതെ രജാവത്തിനേയം കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കണ്ട ഇരുവരും എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തു. തുടര്‍ന്ന് രണ്ട് പേരും വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു.

Read More: ദുരഭിമാനക്കൊല: ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

എന്നാല്‍ ബുല്‍ബുല്‍ ഗര്‍ഭിണിയായതോടെ ഇരുവരും ബുല്‍ബുലിന്റെ വീട്ടുകാരെ കാണാനെത്തി. യുവതിയുടെ മാതാപിതാക്കള്‍ വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്ന് രജാവത് പറഞ്ഞു. എന്നാല്‍ രണ്ട് പേരും ശനിയാഴ്ച്ച തന്നെ അവിചെ നിന്നും രജാവത്തിന്റെ വീട്ടിലേക്ക് പോയി. അതേസമയം ബുല്‍ബുലിന്റെ കൗമാരക്കാരായ രണ്ട് സഹോദരങ്ങള്‍ ഇരുവരേയും പിന്തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. രജാവത്ത് അടുത്തില്ലെന്ന് മനസ്സിലാക്കിയ സഹോദരങ്ങള്‍ ബുല്‍ബുലിന്റെ തലയില്‍ വെടിവെച്ചാണ് കൊലപ്പെടുത്തിയത്.

‘ഞങ്ങള്‍ എട്ട് മാസം മുമ്പാണ് വിവാഹിതരായത്. അവളുടെ കുടുംബം ഇതിനെ എതിര്‍ത്തിരുന്നു. ഇന്ന് അവളുടെ സഹോദരങ്ങള്‍ വന്ന് അവളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു,’ കുല്‍ദീപ് രജാവത്ത് പറഞ്ഞു. വെടിവെച്ച ഉടനെ കുല്‍ദീപ് ബുല്‍ബുലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ കൗമാരക്കാര്‍ പൊലീസിന് മുമ്പാകെ കീഴടങ്ങി. കൊലപാതകത്തിന് മാതാപിതാക്കളുടെ പ്രേരണ ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook