ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ എത്തിയ ഹെഡ് കോൺസ്റ്റബിൽ അബ്ദുൾ ഗാനി (48) ആണ് കൊല്ലപ്പെട്ടത്. കൈയേറ്റത്തെ കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ ആള്‍ക്കൂട്ടം ഗാനിയെ ആക്രമിക്കുകയായിരുന്നു.
മാരകമായി പരുക്കേറ്റ ഗാനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം രാജസ്ഥാൻ പൊലീസ് വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതികൾക്കായി അന്വേഷണം തുടങ്ങി.
നിരവധി ആള്‍ക്കൂട്ട ആക്രമങ്ങള്‍ രാജസ്ഥാനില്‍ മുമ്പും നടന്നിട്ടുണ്ട്. റഖ്ബര്‍ ഖാനെന്ന 28കാരനെ കഴിഞ്ഞ വര്‍ഷം കാലിക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തിന് ശേഷമായിരുന്നു അദ്ദേഹം മരിച്ചത്.
2017ലാണ് പെഹ്ലു ഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുക്കടത്ത് ആരോപിച്ചായിരുന്നു കൊല നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത് വിവാദമായിരുന്നു.