ജയ്‌പൂർ: പശുവിനെ കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊന്ന പെഹ്‌ലു ഖാനെതിരെ കേസെടുത്ത സംഭവത്തിൽ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മകന്‍ രംഗത്ത്. പിതാവിനെതിരെ കേസെടുത്തെന്ന് അറിഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

‘കുറ്റപത്രം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. നീതി കിട്ടുമെന്നാണ് കരുതിയത്. ആള്‍ക്കൂട്ടം എന്റെ പിതാവിനെ തല്ലിക്കൊന്നതാണ്. ഞങ്ങള്‍ക്കെതിരായ കേസ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത് കളയുമെന്നാണ് കരുതിയത്. പക്ഷെ അവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്,’ ഇര്‍ഷാദ് പറഞ്ഞു.

കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. അന്വേഷണത്തിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തിയാൽ പുനരന്വേഷണം നടത്തുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ കുറ്റപത്രത്തിൽ പെഹ്‌ലു ഖാനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും പശുവിനെ കടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബെഹ്റോർ പൊലീസ് സ്റ്റേഷനിലാണ് ഈ കുറ്റപത്രം സമർപ്പിച്ചിട്ടുളളത്. കഴിഞ്ഞ വർഷം മുൻ ബിജെപി സർക്കാരും ഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവർക്കെതിരെ ഇതേ കുറ്റമാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. പശുക്കളെ കൊണ്ടുപോവുകയായിരുന്ന പിക് അപ് വാനിന്റെ ഡ്രൈവറെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.

Read More: പെഹ്ലു ഖാന്‍ കൊലക്കേസ് : പശുവിനെ കടത്തി എന്നാരോപിച്ച് ഇരകള്‍ക്ക് കുറ്റപത്രം

2017ൽ വസുന്ധര രാജെയുടെ കീഴിലുള്ള ബിജെപി സർക്കാരിന്റെ കാലത്താണ് പിക് അപ് വാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്‌ലു ഖാനെയും മക്കളെയും ആറ് പേർ ചേർന്ന് ആക്രമിക്കുന്നത്. ക്രൂരമായ മർദനത്തിനിടെ പെഹ്‌ലു ഖാൻ ബോധരഹിതനായി വീഴുകയും പിന്നീട് മരിക്കുകയും ആയിരുന്നു. സംഭവത്തിൽ ആറ് പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook